Sections

ന്യൂജെന്‍ ബിസിനസിനെ പുഛിക്കല്ലേ...ചില്ലറക്കാരല്ലവര്‍

Thursday, Dec 23, 2021
Reported By Admin
business

സംരംഭകത്വത്തിലേക്ക് ഇറങ്ങിയാല്‍ വിജയപരാജയങ്ങള്‍ ഒരേ പോലെ പ്രതീക്ഷിച്ചുകൊണ്ടാവണം നിക്ഷേപിക്കേണ്ടത്


വ്യത്യസ്തമായ രീതിയില്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ യുവ സംരംഭകര്‍. എന്ത് കാര്യം ചെയ്യുമ്പോഴും അതിന് അതിന്റെതായ ഒരു ഭംഗി വേണം. അതാണ് ഒരു പുതിയ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം യുവസംരംഭകരുടെ മനസിലേക്ക് എത്തുന്നത്. 

സംരംഭകത്വത്തിലേക്ക് ഇറങ്ങിയാല്‍ വിജയപരാജയങ്ങള്‍ ഒരേ പോലെ പ്രതീക്ഷിച്ചുകൊണ്ടാവണം നിക്ഷേപിക്കേണ്ടത്. വിജയിച്ചാലും പരാജയപ്പെട്ടാലും അതിനുള്ള കാരണം ബിസിനസ് ആശയങ്ങള്‍ മാത്രമല്ല. മികച്ച ബിസിനസ് ആശയത്തോടൊപ്പം കരുത്തുറ്റ മാനേജ്‌മെന്റ് രീതികള്‍, അനുഭവസമ്പത്ത്, മികച്ച ലക്ഷ്യബോധം തുടങ്ങി നിരവധികാര്യങ്ങള്‍ ചേര്‍ന്നുവന്നാല്‍ മാത്രമേ വിജയിക്കുകയുള്ളൂ.അതിനാല്‍ തന്നെ പുതു തലമുറയിലെ സംരംഭകര്‍ പ്രാധാന്യം നല്‍കുന്നത് മറ്റുചില കാര്യങ്ങള്‍ക്കാണ്.

ടെക്‌നോളജിയുടെ കൂട്ടുപിടിച്ച് ബിസിനസ് വിപുലീകരണം നടത്താനാണ് പുതുതലമുറക്കിഷ്ടം. മാത്രമല്ല, ബിസിനസിന് പ്രൊഫഷണല്‍ സ്വഭാവം നല്‍കുക, റിയലിസ്റ്റിക് ആകുക തുടങ്ങിയ പുത്തന്‍ ചേരുവകള്‍ക്കൊപ്പം തന്റേതായ ഒരു ഐഡന്റിറ്റി ബിസിനസില്‍ കൊണ്ട് വരുന്നതിനായും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. 

ഫാമിലി ബിസിനസില്‍ ഒതുങ്ങി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരല്ല പുതുതലമുറ. കുടുംബ ബിസിനസിന്റെ ചുവടുപിടിച്ച് മെയ്യനങ്ങാതെ ബിസിനസ് കയ്യെത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇന്നത്തെ പുതു തലമുറയില്‍ വളരെ കുറവാണ്. ചെറുപ്പം മുതല്‍ ബിസിനസ് കണ്ടും അറിഞ്ഞും വളര്‍ന്നവരായതിനാല്‍ തന്നെ ചുമതലയേറ്റെടുക്കുന്ന അന്ന് മുതല്‍ ബിസിനസിന്റെ അടുത്തഘട്ട വികസനം മാത്രമാണ് ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ നിന്നും നേടുന്ന ബിസിനസ് വിദ്യാഭ്യാസ ബിരുദങ്ങള്‍ ഇക്കാര്യത്തില്‍ യുവ സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.

തന്റേതായ ആശയങ്ങള്‍ ബിസിനസ് വിപുലീകരണത്തിനായി സംഭാവന ചെയ്യുന്നതിനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. അതിപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസ് ആയാലും ഫാമിലി ബിസിനസ് ആയാലും ഒരുപോലെ തന്നെ. ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംരംഭകത്വ രംഗത്തും അത്തരത്തിലൊരു മാറ്റം പ്രകടമാകുന്നുണ്ട്. സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് യുവ സംരംഭകര്‍. അതിനാല്‍ അവര്‍ വ്യത്യസ്ത മാര്‍ഗങ്ങളും രീതികളുമാണ് ബിസിനസ് വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. അത്തരം ചില കാര്യങ്ങള്‍ മനസിലാക്കാം. 

കരുത്തുറ്റ ലക്ഷ്യം

വിജയിച്ച ന്യൂജെന്‍ സംരംഭങ്ങള്‍ ഏറെയും വിരല്‍ചൂണ്ടുന്നത് ഉറച്ച ലക്ഷ്യബോധത്തിലേക്കാണ്. തുടക്കം മുതല്‍ ബിസിനസ് നടത്തിപ്പിന്റെ ഓരോ ദിവസവും കൈവരിക്കേണ്ട നേട്ടങ്ങളെപ്പറ്റി അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കും. ചെറിയ രീതിയില്‍ ബിസിനസ് നടത്തി നിശ്ചിത വരുമാനം നേടാന്‍ മാത്രം ആഗ്രഹിക്കുന്നവരല്ല ഇന്നത്തെ സംരംഭകര്‍. ആകാശത്തിന് കീഴെ എന്തും കയ്യെത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. രാജ്യാന്തര വിപണിയിലെ താരമാകുക എന്ന ലക്ഷ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് പലരും ബിസിനസ് തുടങ്ങുന്നത് തന്നെ.

വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ചയില്ല

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു സംരംഭകത്വത്തിന്റെ പിന്നാലെ പോയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിനെയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും എല്ലാം മാതൃകകള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും ഇടക്കാലത്ത് കണ്ടിരുന്ന പ്രവണത പോലെ, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുവാന്‍ ഇന്നത്തെ യുവത്വം തയ്യാറല്ല. മികച്ച വിദ്യാഭ്യാസം, മാനേജ്‌മെന്റ് ബിരുദം, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്ത് തുടങ്ങിയ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയ ശേഷം മാത്രമാണ് പുതുതലമുറ ബിസിനസിലേക്ക് ഇറങ്ങുന്നതിന് പറ്റി ചിന്തിക്കുന്നത്. അതിപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ആയാലും കുടുംബ ബിസിനസ് ആയാലും അങ്ങനെ തന്നെ.

ഐക്യം മുഖ്യം

ടീം സ്പിരിറ്റ് ഇന്ന് ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുന്‍കാല സംരംഭകരില്‍ നിന്നും ഇന്നത്തെ കാലത്തെ സംരംഭകരെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം ടീം വര്‍ക്കിന്റെ ശക്തിയാണ്. മുതലാളിത്ത മനോഭാവത്തോടെ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നവരാണ് മുന്‍കാല സംരംഭകര്‍. സംരംഭകന്റെ ആശയമാണ് എല്ലാത്തിലുമുപരിയായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതിക്ക് മാറ്റം വന്നുകഴിഞ്ഞു. ടീം വര്‍ക്കില്‍ വിശ്വസിക്കുന്നവരാണ് ഇന്നത്തെ സംരംഭകര്‍. അതിനാല്‍ തന്നെ സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ഇവര്‍ക്കാകുന്നു. കൂട്ടുത്തരവാദിത്വത്തില്‍ നടക്കുന്ന ബിസിനസിന്റെ വിജയം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുകൊടുക്കാനും ഇവര്‍ മടിക്കുന്നില്ല.

ടെക് വീരന്മാര്‍

ബിസിനസ് വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് ആദ്യം മനസിലേക്ക് വരിക സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ടെക് നോളജിയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. മാത്രമല്ല, സംരംഭത്തിന്റെ വികസനത്തിനായും സാങ്കേതിക വിദ്യയെ തന്നെ ആശ്രയിക്കുന്നു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതിനായി വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ ആരംഭിക്കുക, സോഷ്യല്‍ മീഡിയയില്‍ സജീവമാകുക തുടങ്ങിയ നടപടികളെല്ലാം ഇന്ന് യുവസംരംഭകര്‍ക്കിടയില്‍ സര്‍വസാധാരണമാണ്. സ്ഥാപനത്തില്‍ സാങ്കേതികമായ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ക്ലേശകരമായ സ്ഥാപനങ്ങളില്‍ പോലും അത്തരം മാറ്റാനാണ് നടപ്പിലാക്കിയ വ്യക്തികള്‍ ധാരാളമാണ്. ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വിപണിയില്‍ സജീവമായി എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു മാറ്റം. 

സമയത്തിന്റെ പ്രാധാന്യം

ദിവസത്തിന്റെ സിംഹഭാഗവും ബിസിനസ് ചിന്തകള്‍ക്കായി മാറ്റി വച്ച് ജീവിക്കുന്ന സംരംഭകരുടെ കാലം കഴിഞ്ഞു. ബിസിനസ് ചിന്തകള്‍ ഒരിക്കലും വീട്ടിലേക്ക് എത്തിക്കാത്ത ആളുകളാണ് യുവ സംരംഭകര്‍. ഇവര്‍ വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും ഒന്നാക്കുന്നില്ല. അതിനാല്‍ തന്നെ വ്യക്തി ജീവിതത്തിലെ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. പഴയകാല സംരംഭകരില്‍ പലര്‍ക്കും പരാജയം നേരിട്ട മേഖലയാണിത്. ബിസിനസിന്റെ തുടക്കത്തില്‍ രാപ്പകലില്ലാതെ ഓഫീസില്‍ സമയം ചെലവഴിക്കുമ്പോള്‍ പലപ്പോഴും വ്യക്തി ജീവിതത്തില്‍ പലവിധ കോട്ടങ്ങളും ഉണ്ടാകുന്നു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇന്നത്തെ സംരംഭകര്‍ തയ്യാറല്ല. ഹാര്‍ഡ് വര്‍ക്കിനെക്കാള്‍ സ്മാര്‍ട്ട് വര്‍ക്കിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

ഇമേജ് മാര്‍ക്കറ്റിംഗ് 

ബിസിനസിന്റെ ആത്യന്തികമായ ലക്ഷ്യം ലാഭം നേടുകയെന്നതാണ് എന്നായിരുന്നു കഴിഞ്ഞ കാലം വരെ ബിസിനസ് വിജയത്തിന്റെ ആപ്തവാക്യം. എന്നാല്‍ ഇന്ന് ആ ചിന്തക്ക് മാറ്റം വന്നിരിക്കുന്നു. ലാഭം നേടുക എന്നത് പ്രധാനം തന്നെയാണ്, എന്നാല്‍ തുല്യ പ്രാധാന്യത്തോടെ തന്നെ ബ്രാന്‍ഡിന്റെ വികസനവും പുതുതലമുറ മുന്നില്‍ കാണുന്നു. നവ മാധ്യമങ്ങള്‍ വഴിയും മറ്റ് സിഎസ്ആര്‍ പദ്ധതികള്‍ വഴിയും ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതില്‍ ഇവര്‍ സദാ ജാഗരൂഗരാണ്. ബ്രാന്‍ഡ് വികസനത്തിനായി പ്രത്യേക ഡിപ്പാര്‍മെന്റ് രൂപീകരിക്കുകയും പ്രസ്തുത ടീമിനെ അതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ഇമേജ് മാര്‍ക്കറ്റിംഗ് എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ബ്രാന്‍ഡ് വികസനം ഇവര്‍ കാണുന്നത്. ബ്രാന്‍ഡ് പേരെടുക്കുന്നതോടെ സെയില്‍സ് വര്‍ധിക്കുകയും അത് വരുമാനത്തില്‍ പ്രകടമാക്കുകയും ചെയ്യുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

തോളോട് തോള്‍ ചേര്‍ന്ന് ജീവനക്കാര്‍ 

മുതലാളിത്ത വ്യവസ്ഥിതി പിന്തുടര്‍ന്നുകൊണ്ട് ബിസിനസ് വിജയം നേടുന്നവരല്ല ഇന്നത്തെ സംരംഭകര്‍. ടീം വര്‍ക്കില്‍ വിശ്വസിക്കുന്നതിനാല്‍ തന്നെ, സ്ഥാപനത്തിലെ തൊഴിലാളികളെ കൂടെ നിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ആശയപരമായും പ്രവര്‍ത്തനപരമായും പൂര്‍ണസ്വാതന്ത്ര്യം തൊഴിലാളികള്‍ക്ക് നല്‍കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് സ്ഥാപനത്തിലെ തൊഴിലാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി അവര്‍ മുഖവിലക്കെടുക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.