Sections

വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളും മൃഗങ്ങളും തിരുവനന്തപുരം മൃഗശാലയിൽ ഉടനെത്തും: മന്ത്രി

Thursday, Apr 20, 2023
Reported By admin
zoo

പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഈ വാഹനങ്ങൾ ഏറെ ഉപകാരപ്പെടും


വ്യത്യസ്ത ഇനങ്ങളിലുള്ള പുതിയ പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് പുതിയ ബാറ്ററി വാഹനങ്ങൾ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. കർണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നും 12 പക്ഷികളെയും മൃഗങ്ങളെയുമാണ് എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം, ഹനുമാൻ കുരങ്ങ്, വെള്ള മയിൽ, എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. മെയ് മാസത്തോടെ ഇവയെത്തും.

കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാൽ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പുതിയ പക്ഷികൾക്കും മൃഗങ്ങൾക്കും പകരമായി ഇവിടെ അധികമായുള്ള 4 കഴുതപ്പുലി, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നി, മാനുകൾ, രണ്ട് ജോഡി ഹോം ഡീയറുകൾ എന്നിവയെ നൽകും. ജൂൺ മാസത്തിൽ ഹരിയാനയിലെ മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെക്കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് സീബ്രാ ഉൾപ്പെടെയുള്ള മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൃഷ്ണ മൃഗങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ക്ഷയരോഗം മൂലം പ്രതിസന്ധിയുണ്ടായെങ്കിലും, ഇവയെ പ്രത്യേകം മാറ്റി പാർപ്പിച്ചത് ഗുണം ചെയ്തു. രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് രോഗബാധയുണ്ടോയെന്ന് തിരിച്ചറിയാനും പ്രത്യേക പരിശോധന നടത്തി. ഇത്തരം രോഗങ്ങൾ ബാധിക്കുന്നത് വഴി മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്തും. തിരുവനന്തപുരം മൃഗശാലയിലേക്ക് കൂടുതൽ മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചു. വിദേശ മൃഗശാലകൾ ഉൾപ്പെടെ സന്ദർശിച്ച് മൃഗശാല കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ 5 ബാറ്ററി വാഹനങ്ങളാണ് നിലവിൽ സന്ദർശകർക്കായി നൽകുന്നത്. 10,40,000 രൂപ ചെലവഴിച്ചാണ് രണ്ട് വാഹനങ്ങൾ വാങ്ങിയത്. മൃഗശാല സന്ദർശിക്കാനെത്തുന്ന പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഈ വാഹനങ്ങൾ ഏറെ ഉപകാരപ്പെടും. രണ്ട് വാഹനങ്ങൾ കൂടി ജൂൺ മാസത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വാഹനത്തിന്റെ ചാർജ് ഒരാൾക്ക് 60 രൂപയാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.