Sections

നെഞ്ചെരിച്ചിൽ കാരണങ്ങളും, വീട്ടിൽതന്നെ ചെയ്യാവുന്ന പരിഹാരങ്ങളും

Wednesday, Aug 28, 2024
Reported By Soumya
Natural remedies for heartburn and acid reflux, including healthy eating tips and lifestyle changes.

പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയിൽ കടക്കുമ്പോഴാണ് നെഞ്ചെരിച്ചിൽ ഉണ്ടാവുക. വയറിന്റെ മുകൾഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടർന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോൾ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുക. ഉയർന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തിൽ പൊള്ളലും എരിച്ചിലും ഉണ്ടാക്കും. നെഞ്ചെരിച്ചിലിനോടനുബന്ധമായി പുളിച്ചുതികട്ടൽ, വായിൽ വെള്ളം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാൻ പ്രയാസം, തൊണ്ടയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ശ്വാസംമുട്ടൽ, വയറിന്റെ മേൽഭാഗത്ത് അസ്വസ്ഥത, ദന്തക്ഷയം തുടങ്ങി നിരവധി ലക്ഷണങ്ങൾ പ്രകടമാകാം. ഗർഡ് (ഗാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്) എന്ന ഈ അവസ്ഥയെ ആയുർവേദത്തിൽ 'അമ്ളപിത്തം' എന്നാണ് പറയുക.

പ്രധാന കാരണങ്ങൾ:

  • പല കാരണങ്ങൾകൊണ്ടും നെഞ്ചെരിച്ചിൽ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവർ ഈസോഫാജിയൽ സ്ഫിങ്റ്റർ എന്ന വാൽവിന്റെ താളംതെറ്റിയ പ്രവർത്തനമാണ് നെഞ്ചെരിച്ചിലിന് ഇടയാക്കുന്ന പ്രധാന ഘടകം.
  • ദഹനരസങ്ങളും ആസിഡും ആമാശയത്തിലെത്തുകയും അവയ്ക്ക് പ്രവർത്തിക്കാൻ വേണ്ടത്ര ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിലും നെഞ്ചെരിച്ചിൽ ഉണ്ടാകാം.
  • അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, തണുത്ത ഭക്ഷണം, പുളി-എരിവ്-ഉപ്പ്-മസാല ഇവ അധികമുള്ള ഭക്ഷണം ഇവയും നെഞ്ചെരിച്ചിലുണ്ടാക്കും.
  • ചിലയിനം ഭക്ഷണങ്ങളും ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം ശരിയാകാതെവരുന്നതും നെഞ്ചെരിച്ചിലിനിടയാക്കും
  • മദ്യപാനം, അമിതവണ്ണം, മാനസികസമ്മർദം, പുകവലി, ഭക്ഷണം കഴിച്ച ഉടനെ കുനിയുക, കിടക്കുക ഇവയും നെഞ്ചെരിച്ചിൽ കൂട്ടാറുണ്ട്.

ജീവിതതത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും വീട്ടിൽതന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില കാര്യങ്ങളിലൂടെയും നെഞ്ചെരിച്ചിലിന് ശമനമുണ്ടാക്കാൻ സാധിക്കുന്നതാണ്.

  • നന്നായി പഴുത്ത പഴം കഴിക്കുന്നത് വയറിലെ ആസിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പൊട്ടാസ്യം വയറിലെത്തിക്കുന്നു. പഴുത്ത പഴംതന്നെ കഴിക്കാൻ ശ്രദ്ധിക്കണം.
  • പഞ്ചസാര രഹിതമായ ഡയറ്റ് ച്യൂയിങ് ഗം ചവയ്ക്കുന്നത് ഉമിനിരീൻറെ ഉത്പാദനം വർധിപ്പിക്കും. ഉമിനീർ ഭക്ഷണം എളുപ്പം ഇറക്കാൻ സഹായിക്കുന്നതിനാൽ വയറിലെ ആസിഡ് തോത് നിയന്ത്രണത്തിൽ നിൽക്കുകയും നെഞ്ചെരിച്ചിൽ മാറുകയും ചെയ്യും.
  • ഏതെല്ലാം ഭക്ഷണം കഴിക്കുമ്പോഴാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്താൻ ഒരു ഫുഡ് ചാർട്ട് തയാറാക്കുക. നെഞ്ചെരിച്ചിലിന് കാരണമാകുന്ന ഭക്ഷണവിഭവങ്ങൾ പരിമിതപ്പെടുത്താനും ശ്രമിക്കാം.
  • വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പല സമയങ്ങളിലായി ആവശ്യത്തിന് ഭക്ഷണം ഉള്ളിലെത്തിക്കാൻ ശ്രമിക്കാം. കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് പതിയെ കഴിക്കാനും ശ്രമിക്കേണ്ടതാണ്.
  • ഇറുകിയ വസ്ത്രങ്ങൾ, ബെൽറ്റ്, അടിവസ്ത്രങ്ങൾ എന്നിവ വയറിന് സമ്മർദമേറ്റുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം. ഇതിനാൽ ഇവയെല്ലാം ഒഴിവാക്കി അയവുള്ള വസ്ത്രങ്ങൾ ധരിക്കണം.
  • കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. നിറഞ്ഞ വയറുമായി കിടക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം.
  • ഉറങ്ങുമ്പോൾ ശരീരത്തിൻറെ ഇടത് വശം ചേർന്ന് കിടക്കുന്നത് ദഹനത്തെ സഹായിക്കുകയും ആസിഡ് റീഫ്ലക്സ് നിയന്ത്രിക്കുകയും ചെയ്യും. തലയും നെഞ്ചും കാലിനെക്കാൾ ഉയരത്തിൽ വയ്ക്കാനും ശ്രദ്ധിക്കണം.
  • അമിതവണ്ണമുള്ളവർ ഭാരം കുറയ്ക്കുന്നതും നെഞ്ചെരിച്ചിൽ മാറാൻ സഹായിക്കും. അമിതമായ കൊഴുപ്പ് വയറിൽ സമ്മർദം ഏൽപ്പിക്കുന്നത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം.
  • പുകവലി ഉമിനീരിൻറെ ഉത്പാദനം കുറയ്ക്കുമെന്നതിനാൽ ഇതും വയറിൽ ആസിഡ് രൂപീകരിക്കാൻ കാരണമാകും. ഇതിനാൽ പുകവലി പൂർണമായും നിർത്തണം.
  • സമ്മർദം, ഉത്കണ്ഠ എന്നിവയെല്ലാം ദഹനസംവിധാനത്തെ താളം തെറ്റിച്ച് നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിനാൽ സമ്മർദരഹിതമായ ജീവിതം നയിക്കാൻ ശ്രമിക്കണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.