- Trending Now:
പെന്‍സില്‍ കമ്പനിയുടെ പേരിലുള്ള വന്‍ ശമ്പളം ഉറപ്പുനല്‍കി ഓണ്‍ലൈന്‍ തട്ടിപ്പ്. നടരാജ് കമ്പനിയുടെ പെന്‍സിലുകള്‍ വീട്ടിലിരുന്ന് പാക്ക് ചെയ്ത് നല്‍കിയാല്‍ മാസം 50,000 മുതല്‍ ഒരുലക്ഷം രൂപവരെ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇത് വിശ്വസിച്ച് 1920 രൂപ അയച്ചുകൊടുത്ത അരൂര്‍ സ്വദേശിക്ക് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പണം തിരികെ ലഭിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്.
ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം. ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളായ റീല്‍സ് വഴിയും ഫെയ്സ്ബുക് പേജുകളിലൂടെയും വിളിക്കേണ്ട നമ്പര്‍ നല്‍കും. ആ വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് 520 രൂപ രജിസ്ട്രേഷന്‍ ഫീസ് ഗൂഗിള്‍പേയോ ഫോണ്‍പേയോ ആയി നല്‍കാന്‍ ആവശ്യപ്പെടും. അടുത്തപടിയായി ഫോട്ടോ വാങ്ങി കമ്പനിയുടെ 'തിരിച്ചറിയല്‍ കാര്‍ഡ്' അയച്ചുകൊടുക്കും. അതിനുശേഷം അഡ്രസ് വെരിഫിക്കേഷന് 1400 രൂപ ചോദിക്കും. ഈ രണ്ട് തുകയും റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചു. അതിനായി ഫോണിലേയ്ക്ക് വരുന്ന ഒടിപി നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ പരാതിക്കാരന്‍ ഇത് ചെയ്തില്ല. തുടര്‍ന്ന് കൊറിയര്‍ ചാര്‍ജായി വീണ്ടും 2000 രൂപ ആവശ്യപ്പെട്ടപ്പോള്‍ കാക്കനാടുള്ള കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.പണം ചെന്നത് ഉത്തര്‍പ്രദേശിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അക്കൗണ്ട് ഉടമയെ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ പരാതിക്കാരന് പണം തിരിച്ചയച്ചുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.