- Trending Now:
കേരളീയ സ്ത്രീ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖല സാമ്പത്തിക ശാക്തീകരണത്തിന്റെയാണ്. അത് സംരംഭകത്വ കാര്യശേഷി വികസനത്തിലൂടെയാണ് കുടുംബശ്രീ നടപ്പാക്കി കൊണ്ടിരിക്കുന്നത്. 85,000 സംരംഭങ്ങൾ, 74,000 കാർഷിക ഗ്രൂപ്പുകൾ, 14,000 മൃഗസംരക്ഷണം മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ എന്നിങ്ങനെ വിപുലമായ രീതിയിൽ സാമ്പത്തിക ശാക്തീകരണ മേഖലയിൽ കുടുംബശ്രീ ഇടപെടുന്നുണ്ട്.
കുടുംബശ്രീയിലൂടെ സംരംഭകത്വ വികസനം സാധ്യമാക്കാനും കേരളത്തിലെ സ്ത്രീ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. സരസ് മേളയിൽ അണിനിരക്കുന്നത് സംരംഭക മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളാണ്. രാജ്യത്തെ തിരഞ്ഞെടുത്ത സംരംഭക വനിതകളുടെ മേളയാണ് സരസ്. കേരളത്തിൽ നിന്നുള്ള 200 ഓളം സംരംഭകർ സരസിന്റെ ഭാഗമായിട്ടുണ്ട്. സരസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള 250 പ്രദർശന വിപണന സ്റ്റാളുകളിൽ 90 സ്റ്റാളുകൾ ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടേതാണ്. കുടുംബശ്രീ സംരംഭകരെയും ഉൽപ്പന്നങ്ങളെയും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്ന, സംരംഭകർക്ക് വിപണന സാധ്യത ഒരുക്കുന്ന മേളയായാണ് സരസ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളമൊട്ടാകെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സരസ് മേള എറണാകുളത്തും മികച്ച വിജയമാകട്ടെ എന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ ചെരിപ്പുകൾ മുതൽ മേഘാലയയിലെ തുണിത്തരങ്ങൾ വരെ ഇന്ത്യൻ വൈവിധ്യങ്ങൾ അണിനിരക്കുന്ന പ്രദർശന വിപണന മേളയിൽ കരകൗശല, കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യത്യസ്തമാർന്ന സ്റ്റാളുകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. മഹാരാഷ്ട്ര, മേഘാലയ, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര തെലങ്കാന, കർണാടക തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വസ്ത്ര വൈവിധ്യങ്ങൾ ഫാഷന്റെ സിരാകേന്ദ്രമായ കൊച്ചിയിൽ അവതരിപ്പിക്കുകയാണ് സരസ്മേള. മുള ഉപകരണങ്ങൾ, പലഹാരങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ തനത് ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയ്ക്ക് മിഴിവേകും.
വ്യത്യസ്തമാർന്ന ഭക്ഷ്യോത്പനങ്ങളുടെ പ്രദർശനവും വിപണനവും ആസ്വാദകരുടെ മനം കവരും. കുടുംബശ്രീയുടെ കരുത്തുറ്റ സംരംഭങ്ങളായ ജെൻഡർ ഹെല്പ് ഡെസ്ക് സ്നേഹിതയുടെയും മെഡിക്കൽ ഹെല്പ് ഡെസ്ക് സാന്ത്വനത്തിന്റെയും സ്റ്റാളുകൾ മേളയുടെ അഭിമാനമാണ്. മികച്ച വിപണി സാധ്യതകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്കാരങ്ങളും തനത് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് സരസ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. മേള 2024 ജനുവരി ഒന്നിന് സമാപിക്കും.
രാജസ്ഥാൻ രാജകുടുംബത്തിൽ നിന്നുള്ള ദാൽ ബാത്തി ചൂർമ മുതൽ തിരുനെല്ലി മോമോസ് വരെ....ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യങ്ങൾ ആസ്വദിച്ചറിയാൻ കൊച്ചിയിലേക്കെത്തൂ...വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാദുകളുമായി പത്ത് ദിനരാത്രങ്ങൾ.... കൊച്ചിയുടെ മണ്ണിൽ രുചിയുടെ ഉത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ദേശീയ സരസ് മേള. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള രുചിക്കൂട്ടുകളാണ് ഭക്ഷ്യ ആസ്വാദകരെ കാത്തിരിക്കുന്നത്.
പേര് പോലെ തന്നെ കേൾക്കുമ്പോൾ കൗതുകം ഉണർത്തുന്ന രാജസ്ഥാനിലെ പരമ്പരാഗത വിഭവമായ ദാൽ ബാത്തി ചൂർമയും ജീരകശാല അരി കൊണ്ട് ഉണ്ടാക്കിയ വയനാടിന്റെ സ്വന്തം തിരുനെല്ലി മോമോസ് എന്ന തിമോയും ആദ്യദിനം തന്നെ മേളയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയുടെ പൂരൻ പോളി, അരുണാചൽ പ്രദേശിന്റെ ബീഫ് കോൺ സൂപ്പ്, അട്ടപ്പാടിയുടെ സ്വന്തം വന സുന്ദരി, ആലപ്പുഴയുടെ കരിമീൻ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹൽവ, വിവിധ തരം ബിരിയാണികൾ, നാടൻ വിഭവങ്ങൾ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകർഷണം.
ദേശീയ സരസ് മേളയിൽ ഭക്ഷ്യമേളയുടെ ഉദ്ഘാടനം സിനിമാതാരം നിഖില വിമൽ നിർവഹിക്കുന്നു
നാല്പതിലധികം സ്റ്റാളുകളാണ് രുചി വൈവിധ്യങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കാൻ ഭക്ഷ്യമേളയിൽ ഒരുങ്ങിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്ന് പത്ത്, ഉത്തർപ്രദേശിൽ നിന്ന് ഒമ്പത്, കർണാടകയിൽ നിന്ന് എട്ട്, സിക്കിമിൽ നിന്ന് ഏഴ്, ലക്ഷ്വദീപിൽ നിന്ന് ആറ്, തെലുങ്കാനയിൽ നിന്ന് അഞ്ച്, അരുണാചൽ പ്രദേശിൽ നിന്ന് നാല്, മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്, ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് എന്നിങ്ങനെ സ്റ്റാളുകളാണ് ഭക്ഷ്യമേളയിലുള്ളത്.
എറണാകുളം, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള തനത് രുചി വൈവിധ്യങ്ങളും മേളയിൽ ലഭ്യമാണ്.
തത്സമയം ഉണ്ടാക്കുന്ന ഭക്ഷ്യ രുചികൾ ആസ്വദിക്കാൻ ആദ്യ ദിനം തന്നെ നിരവധി പേരാണ് ഭക്ഷ്യമേളയിലേക്ക് എത്തിയത്. രുചിയുടെ നവ്യാനുഭവങ്ങൾ പകർന്ന് ജനുവരി ഒന്നുവരെ സരസ് മേള തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.