- Trending Now:
ദേശീയ ക്ഷീരദിനത്തിൽ പത്ത് രൂപയ്ക്ക് ഇൻഷുറൻസ് പദ്ധതിയുമായി മിൽമ മലബാർ യൂണിയൻ
പാലക്കാട്: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജൻമദിനത്തിൽ ആചരിക്കുന്ന ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പാലക്കാട് നിർവഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
നവംബർ 26 ന് പാലക്കാട് കല്ലേപ്പുള്ളിയിലുള്ള ക്ലബ് സിക്സ് കൺവെൻഷൻ സെന്ററിലാണ് ദേശീയ ക്ഷീരദിനാചരണം നടക്കുകയെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറിയും ഐഎംജി തിരുവനന്തപുരം ഡയറക്ടറുമായ കെ ജയകുമാർ വർഗീസ് കുര്യൻ സ്മാരക പ്രഭാഷണം നടത്തും. വി കെ ശ്രീകണ്ഠൻ എം പി മുഖ്യപ്രഭാഷണം നടത്തും. മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്, മേഖലാ ചെയർമാൻമാരായ എം ടി ജയൻ, മണി വിശ്വനാഥ്, ത്രിതല പഞ്ചായത്തംഗങ്ങൾ, മിൽമ ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.
ക്ഷീരമേഖലയുടെ അടുത്ത ഒരു ദശകത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള കർമ്മപദ്ധതി അടുത്ത വർഷം ആദ്യം പ്രഖ്യാപിക്കുമെന്ന് കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വർഷം മുതൽ പദ്ധതി നടപ്പാക്കും.
ദേശീയ ക്ഷീരദിനത്തിൽ ക്ഷീരകർഷകർക്ക് പത്തു രൂപ പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പദ്ധതി മിൽമ മലബാർ യൂണിയൻ പ്രഖ്യാപിച്ചു. എൽഐസിയുമായി ചേർന്നു കൊണ്ടാണ് കർഷകർക്കായി സ്നേഹമിത്രം ലൈഫ് ഇൻഷുറൻസ് പദ്ധതി മലബാർ യൂണിയൻ നടപ്പാക്കുന്നത്. കർഷകർക്ക് 20,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പ്രീമിയം പത്ത് രൂപയും അഞ്ച് ലക്ഷത്തിന്റെ പ്രീമിയം 780 രൂപയുമാണ്. കർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും ഇതേ പ്രീമിയത്തിൽ തന്നെ അംഗങ്ങളാകാവുന്നതാണ്.
20,000 രൂപയുടെ ഇൻഷുറൻസിൽ ആകെ പ്രീമിയമായ 51.92 രൂപയിൽ 41.92 രൂപ മേഖലാ യൂണിയനാണ് വഹിക്കുന്നത്. കഴിഞ്ഞ കൊല്ലം 24 രൂപയായിരുന്നു കർഷകർ അടയ്ക്കേണ്ടിയിരുന്നത്. കൂടിയ ഇൻഷുറൻസ് തുക രണ്ട് ലക്ഷമായിരുന്ന ഇക്കുറി അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്.
കേവലം 450 ക്ഷീരകർഷകരും 2,000 ലിറ്റർ പാലുമായി പ്രവർത്തനമാരംഭിച്ച മിൽമ ഇന്ന് പത്ത് ലക്ഷം ക്ഷീരകർഷകരും 12 ലക്ഷത്തിലധികം പാൽസംഭരണവുമായി പടർന്ന് പന്തലിച്ചുവെന്ന് കെ.എസ് മണി ചൂണ്ടിക്കാട്ടി. മൂല്യവർധിത-നൂതന ഉത്പന്നങ്ങളുമായി 4500 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് മിൽമയ്ക്കുള്ളത്. വിൽപ്പന വിലയുടെ 83 ശതമാനവും കർഷകർക്ക് തന്നെ തിരികെ നൽകിയാണ് മിൽമ മാതൃകയാകുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
മിൽമ എംഡി ആസിഫ് കെ യൂസഫ്, മാനേജർമാരായ ടി.ശ്രീകുമാർ (പർച്ചേസ് ആൻഡ് പി ആൻഡ് ഐ), മുരുകൻ വി.എസ്. (ക്വാളിറ്റി അഷ്വറൻസ് ആൻഡ് മാർക്കറ്റിംഗ്) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആനന്ദ് മാതൃക പ്രസ്ഥാനത്തിലൂടെ രാജ്യത്തെ ക്ഷീരകർഷകർക്ക് ദിശാബോധം കാട്ടിത്തന്ന ഇന്ത്യയുടെ പാൽക്കാരൻ പത്മവിഭൂഷൺ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിച്ചു വരുന്നത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം ഗുജറാത്തിലെ ആനന്ദിൽ നിന്നും കാണിച്ചുതന്ന സഹകരണ ക്ഷീരവ്യവസായത്തിന്റെ മാതൃക പിന്നീട് ലോകരാജ്യങ്ങൾ അനുകരിച്ചു. പോഷകാഹാരക്കുറവ് മൂലം കെടുതിയിലകപ്പെട്ടിരുന്ന രാജ്യത്തെ ജനതയെ അതിൽ നിന്നു രക്ഷപ്പെടുത്തിയതിനോടൊപ്പം സാധാരണക്കാരായ 10 കോടിയിൽപരം കുടുംബങ്ങൾക്ക് ലാഭകരമായ ജീവിതമാർഗ്ഗം കൂടി അദ്ദേഹം കാണിച്ചു നൽകി.
ലോകത്ത് പാലുൽപാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചതും ആഗോളതലത്തിൽ ആകെ ഉത്പാദിപ്പിക്കുന്ന പാലിന്റെ നാലിലൊന്നും ഇന്ത്യയിൽ നിന്നായതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. അദ്ദേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 1980 ൽ മിൽമ സ്ഥാപിതമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.