Sections

മെഡിക്കൽ വാല്യൂ ടൂറിസം പദ്ധതിയുമായി ദേശീയ ആയുഷ് മിഷൻ

Thursday, Dec 21, 2023
Reported By Admin
National Ayush Mission

കണ്ണോം ആയുർവേദ ഡിസ്പെൻസറിയിൽ വിദേശികൾക്കായി റെസ്റ്റിംഗ് റൂം റിസോർട്ട് പഞ്ചകർമ്മ തിയറ്റർ ഒരുങ്ങുന്നു


കോഴിക്കോട്: സ്റ്റേറ്റ് ആനുവൽ ആക്ഷൻ പ്ലാനിലൂടെ മെഡിക്കൽ വാല്യൂ ടൂറിസം പദ്ധതിയുമായി ദേശീയ ആയുഷ് മിഷൻ. ജില്ലയിലെ ടൂറിസം മേഖലകളിൽ ആയുർവേദ വകുപ്പ് ഡിസ്പെൻസറികളിൽ ദേശീയ ആയുഷ് മിഷന്റെ സഹായത്തോടെ പഞ്ചകർമ്മ തെറാപ്പി സജ്ജീകരിക്കും.

വിദേശികൾ അടക്കമുള്ള ടൂറിസ്റ്റുകൾക്ക് ആശുപത്രിയിലേക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. ഡിസ്പെൻസറികളുടെ അടുത്തായി റിസോർട്ടുകളിൽ താമസിച്ച് ഒ.പി സൗകര്യത്തോടെ മസാജ് സേവനങ്ങൾ ഉൾപ്പെടെ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മെഡിക്കൽ വാല്യൂ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോം ആയുർവേദ ഡിസ്പെൻസറിയിൽ വിദേശികൾക്കായി റെസ്റ്റിംഗ് റൂം റിസോർട്ട് പഞ്ചകർമ്മ തിയറ്ററാണ് മിഷന്റെ കീഴിൽ നടപ്പാക്കുന്നത്. ഇതിനാവശ്യമായ സ്റ്റാഫുകളെയും തെറാപ്പി സൗകര്യവും ഏർപ്പെടുത്തി. വിദേശികളെ ഈ പദ്ധതിയിലേക്ക് ആകർഷിക്കുന്നതിനായി ഗ്രാമപഞ്ചായത്തും ആയുഷ് മിഷനും സംയുക്തമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ്.

ഓമശ്ശേരി, കട്ടിപ്പാറ, അരിക്കുളം തുടങ്ങിയ ആയുർവേദ ഡിസ്പെൻസറികളിൽ ദേശീയ ആയുഷ് മിഷന്റെ ആയുർകർമ്മ, പഞ്ചകർമ്മ-ആയുർ കർമ്മ തിയേറ്ററുകളിലൂടെ ചികിത്സ നൽകുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. വേദ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ബേപ്പൂർ, ഫറോക്ക്, കടലുണ്ടി മേഖലകളിലെ ഒറ്റപ്പെട്ട തുരുത്തുകളിലെ രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായം നൽകുന്നതിനായി 'ആയുഷ് നൗക' എന്ന പേരിൽ ബോട്ടിംഗ് തെറാപ്പി യൂണിറ്റിനായുള്ള സാധ്യതാ പഠനങ്ങൾ അടുത്ത വർഷത്തേടെ ആയുഷ് മിഷൻ പൂർത്തിയാക്കും.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആയുർവേദ ചികിത്സ നൽകുന്ന പുറക്കാട്ടേരിയിലെ എ.സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി സജിത്ത്ബാബു സന്ദർശിക്കുകയും ഒരു കോടി രൂപ ചെലവിട്ട് നടത്തുന്ന പശ്ചാത്തല തല വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. പുതുതായി തെറാപ്പി യൂണിറ്റുകളും സെന്ററിന് അനുവദിച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോമിയോപ്പതി വകുപ്പിന് കീഴിൽ ആയുഷ് മിഷൻ കാരപ്പറമ്പ് ഗവ ഹോമിയോ കോളേജിൽ 40 ലക്ഷത്തിന്റെ സെമിനാർ ഹാൾ നവീകരണവും കെട്ടിട നിർമ്മാണത്തിന് ഒരുകോടി രൂപയും അനുവദിച്ചു. എരഞ്ഞിക്കൽ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ 15 ലക്ഷം രൂപയുടെ എൻ എ ബി എച്ച് അക്രഡിക്ഷൻ സ്റ്റാന്റേഡൈസേഷൻ പ്രവർത്തികളും ആയുഷ് മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

പുറമേരി താലൂക്ക് ഹോമിയോ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിക്കും. കൂടാതെ ജില്ലാ ഹോമിയോ ആശുപത്രിയിൽ 10 ലക്ഷം രൂപ ചെലവിട്ട് ഓഡിയോളജി സ്പീച്ച് ആന്റ് തെറാപ്പി യൂണിറ്റ് പ്രവർത്തി തുടങ്ങി. കൊയിലാണ്ടി ഹോമിയോ ആശുപത്രിയിൽ 75 ലക്ഷം രൂപയുടെ പാലിയേറ്റീവ് കെയർ വാർഡിന്റെ പണി പൂർത്തിയായി. ജനുവരിയോടെ ഇത് ഉദ്ഘാടനത്തിന് സജ്ജമാകും. ആശുപത്രിയിൽ സ്പെഷൽ ഒപി, തൈറോയ്ഡ് ഒപി സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുതുതായി മെഡിക്കൽ ഓഫീസറെ നിയമിക്കും.

കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഡിസ്പൻസറി തുടങ്ങാനും അവിടെ ഒരു മെഡിക്കൽ ഓഫീസറെയും മൾട്ടിപർപ്പസ് വർക്കറെയും നിയമിക്കാനും തീരുമാനിച്ചു.

മരുതോങ്കര ഗവ. ഡിസ്പെൻസറിയിൽ 30 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മാണത്തിലാണ്. വട്ടച്ചിറ, താമരശ്ശേരി, ഓമശ്ശേരി എന്നീ ഗവ ഡിസ്പെൻസറികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.