Sections

മുത്തൂറ്റ് മൈക്രോഫിൻ ഇ-കെവൈസി ലൈസൻസ് നേടി

Saturday, Mar 08, 2025
Reported By Admin
Muthoot Microfin Secures e-KYC License for Seamless Digital Onboarding

കൊച്ചി: പ്രമുഖ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ഉപഭോക്താക്കളെ ചേർക്കുന്നതിനായി ആധാർ സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിനുള്ള അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂർണ്ണ ഡിജിറ്റൽ ഇ-കെവൈസി പ്രക്രിയ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ വനിതാ സംരംഭകർക്കും, ജോയിൻറ്-ലെൻഡിംഗ് ഗ്രൂപ്പുകൾക്കും (ജെഎൽജി) മറ്റ് പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്കും തടസ്സമില്ലാത്തതും പേപ്പർ രഹിതവുമായ ഓൺബോർഡിംഗ് സാധ്യമാക്കും.

ഇ-കെവൈസി ലൈസൻസ് ലഭിച്ചതോടെ ആധാർ അടിസ്ഥാനമാക്കിയുള്ള ഓതൻറിക്കേഷൻ, ബയോമെട്രിക് പരിശോധന, ഒടിപി അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ എന്നിവ ഉപയോഗിച്ച് മുത്തൂറ്റ് മൈക്രോഫിൻ വേഗമേറിയതും സുരക്ഷിതവുമായ ഡിജിറ്റൽ ഓൺബോർഡിംഗ് പ്രക്രിയ ഉടൻ പുറത്തിറക്കും. കൃത്യമായ ഉപഭോക്തൃ തിരിച്ചറിയൽ ഉറപ്പാക്കുന്നതിലൂടെ മൈക്രോഫിനാൻസ് മേഖലയിലെ അമിത കടബാധ്യതയുടെ വർദ്ധിച്ചുവരുന്ന പ്രശ്നത്തിന് ഒരു നിർണായക പരിഹാരമായി ഇ-കെവൈസി മാറും. ഇത് വായ്പ നൽകുന്നവരെ വായ്പയെടുക്കുന്നവരുടെ ധനകാര്യ ബാധ്യത ഫലപ്രദമായി വിലയിരുത്താനും സാമ്പത്തിക റിസ്ക് കുറക്കാനും സഹായിക്കുന്നു. ഈ പദ്ധതി കടലാസ് രേഖകളുടെ ആവശ്യം ഇല്ലാതാക്കുകയും പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം മെച്ചപ്പെട്ട സൗകര്യവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

ഗ്രാമീണമേഖലയിലെ ആളുകൾ നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളിക്ക് പരിഹാരമായാണ് ഇ-കെവൈസി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, സമയമെടുക്കുന്ന ഓൺബോർഡിംഗ്, തിരിച്ചറിയൽ പരിശോധനയിലെ തടസ്സങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി പ്രാദേശിക ഭാഷകളിൽ സാമ്പത്തിക അവബോധം വർദ്ധിപ്പിക്കുന്ന പദ്ധതികളും കമ്പനി അവതരിപ്പിക്കും.

മുത്തൂറ്റ് മൈക്രോഫിൻ പ്രവർത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇ-കെവൈസി പദ്ധതി നടപ്പാക്കും. പദ്ധതി ആരംഭിച്ചുകഴിയുമ്പോൾ ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഓൺബോർഡ് ചെയ്യാനും മൈക്രോലോണുകളും ഇൻഷുറൻസും ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക സേവനങ്ങൾ നേടാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും കഴിയും.

ഗ്രാമീണ സമൂഹങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും കാര്യക്ഷമമായും ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇ-കെവൈസി ലൈസൻസ് കൂടുതൽ സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള ഒരു നിർണായക ചുവടുവെയ്പ്പാണ്. ഡിജിറ്റൽ മുന്നേറ്റങ്ങളിലൂടെ സാമ്പത്തിക സേവനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കാനും വിദൂര പ്രദേശങ്ങളിലേക്കും ലളിതവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.

സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതുമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ സ്വീകരിക്കാൻ മുത്തൂറ്റ് മൈക്രോഫിൻ പ്രതിജ്ഞാബദ്ധമാണ്. 2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് കമ്പനിക്ക് 20 സംസ്ഥാനങ്ങളിൽ 379 ജില്ലകളിലായി 1,651 ശാഖകളും ഉണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.