Sections

മുത്തൂറ്റ് ഫിൻകോർപ്പിന് 35.48 ശതമാനം സംയോജിത വരുമാന വളർച്ച

Tuesday, Nov 12, 2024
Reported By Admin
Muthoot FinCorp Limited announces Q2 financial growth for FY 2025

കൊച്ചി: 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുൻനിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 59.68 കോടി രൂപയുടെ അറ്റാദായ വളർച്ചയാണ് കൈവരിച്ചത്. ഇത് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വർധനവോടെയാണ്.

രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.34 ശതമാനം വർധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 35.48 ശതമാനം വർധനയോടെ 2,113.78 കോടി രൂപയായി. മുത്തൂറ്റ് ഫിൻകോർപ്പ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 269.37 കോടി രൂപയുടെ അറ്റാദായത്തോടെ 41,873.15 കോടി രൂപയിലെത്തി. ഇത് 2024 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വർധനയാണ് കൈവരിച്ചിരിക്കുന്നത്.

സ്റ്റൻഡ് എലോൺ കണക്കുകളനുസരിച്ച് മുത്തൂറ്റ് ഫിൻകോർപ്പിൻറെ നടപ്പ് സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിലെ വായ്പ വിതരണം 12,741.80 കോടി രൂപയായി ഉയർന്നു. ഇത് 2024 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 11.34 ശതമാനം വർധിച്ചു. അറ്റാദായം മുൻ വർഷത്തിലെ ഇതേ പാദത്തിലെ 90.90 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 118.02 ശതമാനം വളർച്ച നേടി 198.17 കോടി രൂപയായി ഉയർന്നു. മുത്തൂറ്റ് ഫിൻകോർപ്പ് കൈകാര്യം ചെയ്യുന്ന ആസ്തി 2024 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ നിന്നും 35.46 ശതമാനം വളർച്ചയോടെ ഈ പാദത്തിൽ 27,043.35 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ വരുമാനം മുൻ വർഷത്തിലെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ 46.44 ശതമാനം വർധനവോടെ 1,347.76 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം 920.37 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ മുത്തൂറ്റ് ഫിൻകോർപ്പിൻറെ പ്രകടനം എപ്പോഴും ലഭ്യമായ ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണം നടത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികൾ അതൊരു വിപുലീകരണത്തിനുള്ള മൂലധനം ആവശ്യമായ മൈക്രോ-ബിസിനസായാലും അല്ലെങ്കിൽ സുരക്ഷിതമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്ന വ്യക്തികളായാലും തങ്ങൾ പരമ്പരാഗത സാമ്പത്തിക സേവനങ്ങളുടെ അതിരുകൾ ഭേദിച്ച് അവരെ സഹായിക്കാൻ സന്നദ്ധമാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ഈ പാദത്തിലെ ഫലങ്ങൾ തങ്ങളുടെ ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസത്തിൻറെ പ്രതിഫലനമാണ് അവരെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ സേവന പാരമ്പര്യം പടുത്തുയർത്തുന്നതിനൊപ്പം അവരുടെ സാമ്പത്തിക ഭദ്രതയ്ക്കും അഭിലാഷങ്ങൾക്കും പിന്തുണ നൽകുന്നുവെന്നും തോമസ് ജോൺ മുത്തൂറ്റ് കൂട്ടിച്ചേർത്തു.

2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. വിപണിയിലുടനീളം ഗണ്യമായ പുരോഗതി കണ്ടു. വരും പാദങ്ങളിൽ തങ്ങളുടെ പദ്ധതികളും സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സ്വർണ്ണ പണയ വായ്പകൾ തങ്ങളുടെ മുൻനിര സേവനമായി മാറും. ഉപഭോക്താക്കളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്ന പദ്ധതികളിൽ നിന്നും വിവിധ സേവന വിഭാഗങ്ങളിലേക്ക് മാറാനുള്ള തങ്ങളുടെ പ്രയത്നം തുടരുക തന്നെ ചെയ്യും. ഈ പാദത്തിലെ ഫലങ്ങൾ കമ്പനിയുടെ വിപണിയിലെ പ്രകടനത്തെയും തങ്ങളുടെ ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസത്തെയുമാണ് കാണിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉത്തേജകമാകാൻ തങ്ങളെപ്പോഴും പ്രതിജ്ഞാബദ്ധരാണ്. അങ്ങനെ രാഷ്ട്ര നിർമ്മാണത്തിൽ തങ്ങളും പങ്കാളികളാകുകയാണെന്നും ഷാജി വർഗീസ് കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.