Sections

തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ട് മസ്‌ക്

Tuesday, Nov 15, 2022
Reported By admin
twitter

സംഭവം ചൂടേറിയ ചര്‍ച്ചകളിലേക്ക് വഴിമാറിയതിന് പിന്നാലെ...

 

ട്വിറ്റര്‍ വഴി തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതായി അറിയിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മസ്‌ക് പങ്കുവെച്ച ട്വീറ്റിലാണ് ജീവനക്കാരന്‍ തെറ്റു ചൂണ്ടിക്കാട്ടിയത്. കമ്പനിയിലെ എന്‍ജിനീയറായ എറിക് ഫ്രോന്‍ഹോഫറാണ് തെറ്റിനെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നാലെയാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി മസ്‌ക് ട്വിറ്ററിലൂടെ തന്നെ അറിയിച്ചത്. 

ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പല രാജ്യങ്ങളിലും സാങ്കേതിക തടസം നേരിടാറുണ്ടെന്നും മോശം സോഫ്റ്റുവെയറുകളാണ് അതിന്റെ കാരണമെന്നും ചൂണ്ടിക്കാട്ടി മസ്‌ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ ട്വീറ്റില്‍ സോഫ്റ്റ്വെയര്‍ പ്രോഗാമുകളെ സംബന്ധിച്ച് മസ്‌ക് നല്‍കിയ കണക്കുകള്‍ തെറ്റാണെന്ന് എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകള്‍ പറയാനും തകരാര്‍ നേരെയാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നുമുള്ള മറു ട്വീറ്റ് മസ്‌കും പങ്കുവെച്ചു.

സംഭവം ചൂടേറിയ ചര്‍ച്ചകളിലേക്ക് വഴിമാറിയതിന് പിന്നാലെ എറികിനെ പിരിച്ചു വിട്ടു എന്നറിയിച്ച് മസ്‌ക് ട്വീറ്റ് ചെയ്തു. ധാരാളം ആളുകളാണ് മസ്‌കിന്റെയും എറികിന്റെയും ട്വീറ്റിനു താഴെ മറുപടിയുമായി എത്തിയത്.

ഒരു ഭാഗം ആളുകള്‍ എറികിനെ പിന്തുണച്ചപ്പോള്‍ ഇമെയിലായോ സ്വകാര്യ സന്ദേശമായോ വിശദീകരണം നല്‍കുന്നതായിരുന്നു അനുയോജ്യമെന്ന അഭിപ്രായവുമായി എറികിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുകയും ചെയ്തു. ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തതു മുതല്‍ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്ന മസ്‌കിന്റെ നടപടി വിവാദമായിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.