- Trending Now:
ഇന്ത്യന്‍ വംശജന്‍ കൂടിയായ പരാഗ് അഗര്‍വാളിനായിരിക്കും ഏറ്റവും കൂടുതല്‍ തുക ലഭിക്കുക
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിറകെ സിഇഒ പരാഗ് അഗര്‍വാളിനെ അടക്കം തലപ്പത്തുള്ള ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ട്വിറ്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്ന തുകയെ കുറിച്ചാണ്. പിരിച്ച് വിട്ട ഉദ്യോഗസ്ഥര്‍ക്കായി മൊത്തം 88 മില്യണ്‍ ഡോളര്‍ ആണ് ട്വിറ്റര്‍ നല്‍കുക. ഇതില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയയായ പരാഗ് അഗര്‍വാളിനായിരിക്കും ഏറ്റവും കൂടുതല്‍ തുക ലഭിക്കുക.
അപ്രതീക്ഷിത പുറത്താക്കലിനുള്ള നഷ്ടപരിഹാരമായി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്റര്‍ 38.7 മില്യണ്‍ ഡോളര്‍ ആയിരിക്കും പരാഗ് അഗര്‍വാളിന് നല്‍കുക. പുറത്താക്കിയ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നതും പരാഗിന് തന്നെ. കൂടാതെ ട്വിറ്ററിലുള്ള അദ്ദേഹത്തിന്റെ ഓഹരികളെല്ലാം പിന്‍വലിക്കാവുന്നതാണ്.
ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗലിന് 25.4 മില്യണ്‍ ഡോളര്‍ ആയിരിക്കും ലഭിക്കുക. ചീഫ് ലീഗല്‍ ഓഫീസര്‍ വിജയ ഗാഡ്ഡിക്ക് 12.5 മില്യണ്‍ ഡോളര്‍ ലഭിക്കും. മുഖ്യ ഉപഭോക്തൃ ഓഫീസറായ സാറാ പെര്‍സൊനെറ്റിന് 11.2 മില്യണ്‍ ഡോളര്‍ ലഭിക്കും.
വരും ദിവസങ്ങളില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ വീണ്ടും അഴിച്ചുപണി നടത്തുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലാളികളുടെ 75 ശതമാനത്തോളം അല്ലെങ്കില്‍ 5,600 ജീവനക്കാരെ പിരിച്ചുവിടലില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്വിറ്റര്‍ ഏറ്റെടുക്കാന്‍ നേരത്ത് ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ച മസ്‌ക് പിരിച്ചു വിടല്‍ ഉണ്ടാകില്ലെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്. എത്ര ശതമാനമെന്നോ എണ്ണമെന്നോ പറയാതെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം മസ്‌ക് തന്റെ ട്വീറ്റുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഏറ്റെടുക്കലിന്റെ ഭാഗമായി സി ഇ ഒ അടക്കമുള്ള ഉന്നത സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതില്‍ ട്വിറ്ററിന്റെ മറ്റു ജീവനക്കാര്‍ ആശങ്കയിലാണ്. 75 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ പദ്ധതികളെ വിമര്‍ശിച്ച് ജീവനക്കാര്‍ ഡയറക്ടര്‍ ബോര്‍ഡിനും മസ്‌കിനും ഒരു തുറന്ന കത്ത് എഴുതിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.