- Trending Now:
അച്ചടക്കവും കൃത്യനിഷ്ഠയും കൂടുതല്‍ ആവശ്യമുള്ള മേഖലയെന്ന നിലയില്‍ സൈനിക പരിശീലനം ലഭിച്ചവര്‍ സ്ഥാപനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം
അഗ്‌നിവീരന്മാര്‍ക്ക് തൊഴില്‍ സംവരണവുമായി മള്‍ട്ടി നാഷണല്‍ കമ്പനി. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പാണ് അഗ്‌നിവീരന്മാര്‍ക്ക് പത്ത് ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. അഗ്‌നിപഥ് സ്‌കീമില്‍ ഉള്‍പ്പെട്ട് പരിശീലനം ലഭിച്ച യുവാക്കള്‍ ഗ്രൂപ്പിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിശ്വാസമെന്ന് സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനും, സിഇഒ യുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു. ഇത്തരത്തിലൊരു ചുവടു വയ്പ് മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഭാഗത്തു നിന്നും ആദ്യമായാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അറിയിച്ചു.
നാലുവര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിയ്ക്കുന്ന അഗ്‌നിവീരന്മാര്‍ക്ക് ഇനിയുള്ള റിക്രൂട്ട്‌മെന്റുകളുടെ പത്ത് ശതമാനം നീക്കിവയ്ക്കുമെന്ന് സാമുദ്രിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരസ്ഥാപനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. അച്ചടക്കവും കൃത്യനിഷ്ഠയും കൂടുതല്‍ ആവശ്യമുള്ള മേഖലയെന്ന നിലയില്‍ സൈനിക പരിശീലനം ലഭിച്ചവര്‍ സ്ഥാപനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയ് വ്യക്തമാക്കി.
ദേശീയതലത്തില്‍ ഇരട്ട നേട്ടവുമായി അസാപ് | ASAP Kerala accorded dual recognition... Read More
'സ്ഥാപനത്തിന്റെ ശരാശരി പ്രായം ഇരുപത്തി എട്ടില്‍ നിലനിര്‍ത്തുവാനായി പ്രാഥമിക റിക്രൂട്ട്‌മെന്റുകള്‍ ഏകദേശം ഇരുപത്തിയഞ്ച് വയസ്സിന് താഴെയായാണ് കമ്പനി നിജപ്പെടുത്തിയിരിയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ കൂടുതലുള്ളത്. പ്രോജക്ടുകള്‍ യഥാ സമയം പൂര്‍ത്തിയാക്കണമെങ്കില്‍ സ്വാഭാവിക അച്ചടക്കം, കൃത്യനിഷ്ഠ, ശാരീരികക്ഷമത എന്നീ ഗുണങ്ങള്‍ ജീവനക്കാര്‍ക്ക് ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. അഗ്‌നിപഥ് സ്‌കീം പ്രകാരമുള്ള നാലുവര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കുന്ന ചെറുപ്പക്കാര്‍ക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വളരെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ആദ്യ ബാച്ചിന്റെ പ്രകടനം വിലയിരുത്തിയ ശേഷം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പത്ത് ശതമാനം എന്ന ഈ പരിധി ആവശ്യമെങ്കില്‍ ഉയര്‍ത്തുവാനും തീരുമാനിച്ചിട്ടുണ്ട്. അഗ്‌നിവീരന്മാര്‍ക്ക് ഇത്തരത്തിലുള്ള നിശ്ചിത ശതമാനം തൊഴില്‍ സംവരണം ഉറപ്പു നല്‍കിക്കൊണ്ട് പ്രഖ്യാപനം നടത്തിയ ആദ്യത്തെ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരുപക്ഷേ തങ്ങളുടേത് ആയിരിക്കും' ഡോ. സോഹന്‍ റോയ് അറിയിച്ചു.
വ്യവസായ സൗഹൃദം സൂചികയില്‍ കേരളത്തിന് വന്‍ മുന്നേറ്റം... Read More
ജീവനക്കാര്‍ക്കായി ഒട്ടേറെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, ജീവനക്കാരുടെ, വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്ക് ശമ്പളം, അന്‍പത് ശതമാനം ലാഭവിഹിതം വിതരണം ചെയ്യുന്ന പദ്ധതി, ജീവനക്കാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന സാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസ അലവന്‍സുകള്‍, മുതിര്‍ന്ന ജോലിക്കാര്‍ക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍, പ്രതിഭാസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കാനുള്ള പരിശീലനം, തൊഴിലിടത്തെയും, ജോലിക്കാരുടെയും സന്തോഷം ലക്ഷ്യമാക്കിയുള്ള പ്രത്യേക ഹാപ്പിനെസ്സ് ഡിപ്പാര്‍ട്‌മെന്റ്
തുടങ്ങിയവ അവയില്‍ ചിലതാണ്.
ഇതോടൊപ്പം തന്നെ, പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് നഷ്ടം സംഭവിച്ചിട്ടുള്ളവര്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, പിന്നോക്ക മേഖലകളിലെ വിദ്യാലയങ്ങളുടെ നടത്തിപ്പ്, സാമ്പത്തികമായി തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ പൊതുവായ സാമൂഹികക്ഷേമ പ്രവര്‍ത്തികളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. ആഗോള സാമുദ്രിക വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന സ്ഥാപനമാണ് ഏരിസ് ഗ്രൂപ്പ്. പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാംസ്ഥാനവും ഗ്രൂപ്പിനുണ്ട്. പതിനേഴ് രാജ്യങ്ങളിലായി അന്‍പത്തിയേഴ് കമ്പനികളാണ് ഗ്രൂപ്പിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.