Sections

പുതിയ ബിസിനസ് മേഖലയിലേക്ക് കടന്ന് മുകേഷ് അംബാനി

Saturday, Nov 05, 2022
Reported By admin
ambani

ഇടപാട് മൂല്യത്തെ കുറിച്ച്  ഇതുവരെ പ്രതികരിച്ചിട്ടില്ല

 

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ സലൂണ്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറല്‍സ് സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കുക. ഓഹരികള്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 
 
റിലയന്‍സുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറല്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സികെ കുമാരവേല്‍ പറഞ്ഞു. എന്നാല്‍ എത്ര രൂപയ്ക്കാണ് റിലയന്‍സ് റീടൈല്‍ നാച്ചുറല്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ഇടപാട് മൂല്യത്തെ കുറിച്ച്  നാച്ചുറല്‍സും റിലയന്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ചെന്നൈ ആസ്ഥാനമായുള്ള നാച്ചുറല്‍സ് 2000 ത്തിലാണ് സ്ഥാപിതമായത്. ഇന്ത്യയിലുടനീളം നിലവില്‍ ഓളം ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. 2025-ഓടെ 3,000 സലൂണുകള്‍ ആരംഭിക്കാനാണ് നാച്ചുറല്‍സ് ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ബിസിനസ്സുകളില്‍ ഒന്നാണ് സലൂണ്‍ ബിസിനസ്. വ്യവസായ തകര്‍ച്ചയെ തുടര്‍ന്ന് നാച്ചുറല്‍സിന്റെ സിഇഒ കുമാരവേല്‍ 2020 മെയ് മാസത്തില്‍ സര്‍ക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ഭീതിക്ക് ശേഷം സലൂണ്‍ വ്യവസായം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. നിലവില്‍ വന്‍ വളര്ച്ചയാണ് രേഖപ്പെടുത്തുന്നത്. 

സലൂണ്‍, ബ്യുട്ടി വ്യവസായത്തിലേക്ക് പരീക്ഷണം നടത്താന്‍ എത്തുന്ന റിലയന്‍സ്, ഈ മേഖലയിലെ വമ്പന്മാരായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ലാക്‌മെയുമായും എന്റിച്ച്, ഗീതാഞ്ജലി എന്നിവ ഉള്‍പ്പെടെയുള്ള പ്രാദേശിക ബ്രാന്‍ഡുകളുമായും നേരിട്ടുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. റിലയന്‍സിന്റെ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ ഈ മേഖലയില്‍ കടുത്ത മത്സരമാകും നടക്കുക എന്നാണ് റിപ്പോര്‍ട്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.