- Trending Now:
സാമ്പത്തിക, സാമൂഹിക വിജയം നേടുന്നതിന് ഒരു സമഗ്രമായ സംരംഭക സംസ്‌കാരം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം
ഈടോ ജാമ്യക്കാരോ ഇല്ലാത്തതിനാല്‍ ബിസിനസ് ആരംഭിക്കാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്കായിതാ കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ പദ്ധതി. രാജ്യത്തെ ചെറുകിട സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനമന്ത്രി മുദ്രാ യോജനയാണിത്. ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണിത്.
സാമ്പത്തിക, സാമൂഹിക വിജയം നേടുന്നതിന് ഒരു സമഗ്രമായ സംരംഭക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുദ്ര വായ്പ ആരംഭിച്ചത്. ഈ സ്‌കീമിന് കീഴില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച നടപടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ചെറു ബിസിനസുകള്‍ക്കും മൈക്രോ സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായവും മറ്റ് പിന്തുണയും സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നു.
മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്റ് ആന്റ് റീ ഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡിന് കീഴിലുള്ള ഈ വായ്പയിലൂടെ 10 ലക്ഷം രൂപ വരെ ലഭിക്കും. മൂന്നു തരത്തിലുള്ള മുദ്രാ വായ്പകളാണ് ഉള്ളത്. ഒന്നാമത്തേത് 50,000 വരെ വായ്പ ലഭിക്കുന്ന ശിശു വായ്പ. വളരെ ചെറിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ വായ്പ നല്‍കുന്നത്. കൂടുതല്‍ നടപടികള്‍ ഒന്നു ഇല്ലാത്തതിനാല്‍ വായ്പ എളുപ്പത്തില്‍ ലഭിക്കും.
രണ്ടാമത്തേത് കിഷോര്‍ വായ്പയാണ്. 50,000 മുതല്‍ 5 ലക്ഷം രൂപ വരെയാണ് ഈ വായ്പയില്‍ ലഭിക്കുന്നത്. അവസാനത്തേത് 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ലഭിക്കുന്ന തരുണ്‍ വായ്പയാണ്. പ്രധാനമായും മൂന്നു തരം സംരംഭകര്‍ക്കാണ് മുദ്രാ വായ്പയ്ക്ക് അര്‍ഹതയുളള്ളത്. ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖലകളിലുള്ള സംരംഭകര്‍ എന്നിവര്‍ക്കാണ് മുദ്രാ ലോണിന് യോഗ്യതയുള്ളത്. നിലവില്‍ പാല്‍ ഉല്‍പന്ന നിര്‍മ്മാണം, മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായവയ്ക്കും മുദ്രാ വായ്പ നല്‍കുന്നുണ്ട്.
നഗരപരിധിക്കുള്ളില്‍(മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) മുദ്രാ വായ്പ ലഭിക്കുന്നതിന് അപേക്ഷകര്‍ ബാങ്ക് അക്കൗണ്ടുള്ള പൊതു മേഖലാ ബാങ്കിനെയോ സ്വകാര്യ മേഖലാ ബാങ്കിനെയോ സമീപിക്കുക. പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെയാണ് സമീപിക്കേണ്ടത്. വാര്‍ഡ് അനുസരിച്ചുള്ള സര്‍വീസ് ബാങ്ക് അറിയുന്നതിന് അതത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോണ്‍ ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ക്കും സംശയങ്ങള്‍ക്കും ലീഡ് ബാങ്കിനെയാണ് സംരംഭകര്‍ ബന്ധപ്പെടേണ്ടത്.
വായ്പയ്ക്കായി ബിസിനസ് പ്രൊജക്ട് ഹാജരാക്കി കഴിഞ്ഞാല്‍ ആ പ്രൊജക്ടിന്റെ 70 ശതമാനം മുതല്‍ 80 ശതമാനം വരെ തുക ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കും. ബാക്കി വരുന്ന തുക സംരംഭകര്‍ സ്വയം വഹിക്കണം. മുദ്രാ വായ്പയുടെ പലിശ പൊതുമേഖലാ ബാങ്കുകളില്‍ 9.95 ശതമാനം മുതല്‍ 12 ശതമാനം വരെയും സ്വകാര്യ മേഖലാ ബാങ്കുകളില്‍ 12 ശതമാനം മുതല്‍ 17 ശതമാനം വരെയുമാണ്. വനിതാ സംരംഭകര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുദ്രാ വായ്പ പദ്ധതിയില്‍ മുന്‍ഗണനയുണ്ട്.
മേല്‍വിലാസം തെളിയിക്കുന്ന രേഖ, ബിസിനസ് ലൈസന്‍സ് അല്ലെങ്കില്‍ ബിസിനസ് രജിസ്‌ട്രേഷന്‍ രേഖ, വരുമാനം തെളിയിക്കുന്ന രേഖ തുടങ്ങിയവയാണ് മുദ്രാ വായ്പയ്ക്ക് ആവശ്യമായ രേഖകള്‍. http://www.mudra.org.in/എന്ന എന്നതാണ് മുദ്രയോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതില്‍ കയറിയാല്‍ വായ്പയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.