Sections

1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്തും: മന്ത്രി പി. രാജീവ്

Tuesday, Apr 11, 2023
Reported By Admin
MSME

എം.എസ്.എം ഇ സ്കെയിൽ അപ്പ് മിഷൻ - മിഷൻ 1000


തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. 'എം.എസ്.എം ഇ സ്കെയിൽ അപ്പ് മിഷൻ - മിഷൻ 1000' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പ്രത്യേക യൂട്യൂബ് ചാനൽ വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോകൾ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീർഘ കാലത്തെ ആവശ്യമായിരുന്ന പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകളും യാഥാർഥ്യമാകാൻ പോകുന്നു. എട്ട് പാർക്കുകൾക്ക് അംഗീകാരം നൽകി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുൻപിലുണ്ട്. കൂടാതെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങൾ വ്യവസായ വകുപ്പ് ഇന്റേൺസ് നേരിട്ട് പോയി സന്ദർശിക്കും. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ കാണാൻ ശ്രമിക്കും. പഞ്ചായത്ത്തല സംരംഭക സംഗമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അലോട്മെന്റ് പോളിസിക്കും റവന്യൂ വകുപ്പുമായി അന്തിമ ധാരണയായിട്ടുണ്ട്. ഈ മാസം തന്നെ പുതിയ പോളിസി പ്രഖ്യാപിക്കാൻ കഴിയും. വ്യാവസായിക നയം രൂപീകരിക്കാൻ എല്ലാ സംഘടനകളും സെക്ടറുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ട്രക്ചർ രൂപീകരിക്കും. അടുത്ത മൂന്നു വർഷം നിക്ഷേപത്തിന്റെ വർഷങ്ങൾ ആയിരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

ഏറെ അഭിമാനകരമായ വർഷമാണ് നാം പിന്നിട്ടത്. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം വ്യവസായ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാ സംഘടനകളുമായി ചർച്ച നടത്തി. കഴിഞ്ഞ സർക്കാർ ഇട്ട അടിത്തറയിൽ നിന്നും മുന്നോട്ടു പോകുക എന്നതാണ് പുതിയ സർക്കാരിന്റെ കർത്തവ്യം. കഴിഞ്ഞ സർക്കാർ നിയമ നിർമാണങ്ങൾ, ചട്ട ഭേദഗതികൾ എന്നിവ വരുത്തിയിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നറിയാൻ എല്ലാ ജില്ലകളിലും മീറ്റ് ദി മിനിസ്റ്റർ പരിപാടി നടത്തി. എല്ലാവരും ഒത്തൊരുമിച്ച് എങ്ങനെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാം എന്ന വിഷയത്തിലും ചർച്ചകൾ നടന്നു. ഇതിന്റെ ഭാഗമായി നിയമ പരിഷ്കരണത്തിന് ഒരു കമ്മിഷനെ നിയമിച്ചു. വിവിധ പുതിയ നിയമ നിർമാണങ്ങൾക്ക് നേതൃത്വം നൽകാനും സാധിച്ചു.

50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ലൈസൻസ് ഇല്ലാതെ മൂന്ന് വർഷം പ്രവർത്തിക്കാം എന്ന ഭേദഗതി നിലവിൽ വന്നു. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ കോംപോസിറ്റ് ലൈസൻസും ലഭിക്കും. കൂടാതെ പരാതി പരിഹാര സംവിധാനം ഓൺലൈൻ അധിഷ്ഠിതമായി നടപ്പാക്കി. അതിന് ശേഷമാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കി. 1,39140 സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിച്ചു. 17.3 % വ്യാവസായിക വളർച്ചയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അത്യപൂർവമാണെന്നും മന്ത്രി പറഞ്ഞു.


സംരംഭക പദ്ധതികളിലേക്ക് യുവാക്കൾ ചുവടുറപ്പിക്കുന്നു: മന്ത്രി കെ.എൻ. ബാലഗോപാൽ

സംരംഭക പദ്ധതികളിലേക്ക് യുവാക്കൾ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള സംരംഭക വർഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയർത്തുന്ന മിഷൻ 1000 പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങിൽ മിഷൻ 1000 പോർട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് കരുതിയ പലതും സാധ്യമാകുന്ന അനുഭവങ്ങളിലൂടെയാണ് കേരളം മുന്നോട്ട് പോകുന്നത്.

വ്യവസായ മേഖലയിൽ കേരളത്തിന് സാധ്യതകളേറി വരികയാണ്. പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ വ്യവസായങ്ങൾ വളരുകയാണ്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും വളരുന്നു. അടിസ്ഥാന ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട നിരവധി വ്യവസായങ്ങൾ നമ്മുടെ നാട്ടിലേക്ക് വരുന്നു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥല ലഭ്യത ഉറപ്പാക്കുക പ്രധാനമാണ്. യൂണിവേഴ്സിറ്റികളിലും ക്യാംപസുകളിലും വ്യവസായം വളരുന്നതിനാവശ്യമായ സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കും. ഇതിനാവശ്യമായ എല്ലാ സഹകരണവും ധനകാര്യ വകുപ്പ് നൽകും.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കൂടുതലായി വായ്പകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വളരെ വേഗത്തിലുള്ള വായ്പാ സൗകര്യം, വിപണി കണ്ടെത്തുന്നതിന് എക്സിബിഷൻ സെന്ററുകൾ ആരംഭിച്ച് ട്രേഡ് ഫെയർ പോലുള്ളവ സംഘടിപ്പിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.