Sections

എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു

Monday, Sep 04, 2023
Reported By Admin
MSME Help Desk

എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) പാലക്കാട് ശാഖയുടെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വ്യവസായ സംരംഭകർക്ക് ഫിനാൻസ്, ഓഡിറ്റ് തുടങ്ങിയ സാമ്പത്തിക വിഷയങ്ങളിൽ സംശയങ്ങൾ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം നൽകുന്നതിനുമായുളള എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. ചുണ്ണാമ്പുത്തറയിലുളള ഐ.സി.എ.ഐ ഭവനിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചത്.

ആദ്യദിനം ജി.എസ്.ടി, ഇൻകംടാക്സ് റിട്ടേൺ ഫയലിങ്, ബാങ്ക് വായ്പ എന്നിവയിൽ സംരംഭകരുടെ സംശയങ്ങൾക്ക് വിദഗ്ധോപദേശം നൽകുകയും തുടർസേവനം വാഗ്ദാനം നൽകുകയും ചെയ്തു. എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ 11 മുതൽ ഒന്ന് വരെ ഐ.സി.എ.ഐ ഭവനിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. സജി അധ്യക്ഷനായ പരിപാടിയിൽ ഐ.സി.എ.ഐ ചെയർമാൻ സരിൻ ചന്ദ്രൻ, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി സുനിൽ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എ.കെ റഹ്മത്തലി, വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട് ഓഫ് ഇന്ത്യ (ഐ സി എ ഐ) യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ടാക്സ്, ഫിനാൻസ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഹെൽപ്പ് ഡെസ്ക്കിന് രൂപം നൽകിയിരിക്കുന്നത്. അതത് മേഖലകളിൽ വിദഗ്ദ്ധരായ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരുടെ പാനലാണ് സംരംഭകരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നത്. തികച്ചും സൗജന്യമായാണ് സേവനം നൽകുന്നത്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മണി മുതൽ 1 മണി വരെയാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുക. സംരംഭകർക്ക് പ്രശ്നപരിഹാരത്തിനായി പ്ലാനറ്റോറിയത്തിനു സമീപത്ത് പ്രവർത്തിക്കുന്ന ഐ സി എ ഐ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04952770124

ഐ സി എ ഐ ചെയർമാൻ മുജീബ് റഹ്മാൻ.എം.കെ അധ്യക്ഷത വഹിച്ചു. വിവിധ ബിസിനസ്സ് ഘടനകളെക്കുറിച്ച് ജിയോ ജേക്കബ് ക്ലാസെടുത്തു. കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ, വെസ്റ്റ്ഹിൽ ഡിപി ഇൻഡസ്ട്രീസ് അസോസിയേഷൻ സെക്രട്ടറി പോൾ വർഗ്ഗീസ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് മോഹൻ.സി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ നിതിൻ.പി എന്നിവർ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു സ്വാഗതവും ഐ സി എ ഐ സെക്രട്ടറി സച്ചിൻ ശശിധരൻ നന്ദിയും പറഞ്ഞു.

ഹെൽപ് ഡെസ്ക് ആരംഭിച്ചു

തൃശ്ശൂർ: സംരംഭങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളുടെ പരിഹാര നിർദേശങ്ങൾ നൽകുക ലക്ഷ്യമിട്ട് ഹെൽപ്പ് ഡെസ്ക് സേവനം ആരംഭിച്ചു. ഐസിഎഐ ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇന്ത്യ) ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ചിയ്യാരം ഐസിഎഐ ഭവൻ ഹാളിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു.

വ്യവസായ വകുപ്പും ഐസിഎഐയുമായുള്ള ധാരണ പ്രകാരമാണ് സംരംഭകർക്കായി ഹെൽപ് ഡെസ്ക് സേവനം തുടങ്ങിയത്. സംരംഭങ്ങളുടെ സാമ്പത്തിക പരമായുള്ള പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശവും ഐസിഎഐ യുടെ എംഎസ്എംഇ ഹെൽപ്പ് ഡെസ്ക് മുഖേന ലഭിക്കും. എല്ലാം മാസവും ആദ്യ ശനിയാഴ്ച ഐസിഎഐ ചാപ്റ്ററുകളുടെ ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ അധ്യക്ഷയായി. ഐസിഎഐ സതേൺ സർക്കിൾ കൗൺസിലർ സി എ സതീഷ് പ്രത്യേക പ്രഭാഷണം നടത്തി. ഐസിഎഐ തൃശൂർ എസ്ഐആർസി ചെയർമാൻ സി എ ജീൻ പോൾ , വ്യവസായ അസോസിയേഷൻ ജില്ലാ സെക്രട്ടറി നോബി ജോസഫ് , ജില്ല വ്യവസായ കേന്ദ്രം മാനേജർ ആർ സ്മിത, സംരംഭകർ , വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.