Sections

വ്യാപാരം എംറൂബിയിലൂടെ; കുറഞ്ഞ നിരക്കില്‍ ഗുണമേന്മസര്‍ട്ടിഫിക്കറ്റ് | Rubber traded through mRube

Thursday, Jul 07, 2022
Reported By admin
mRube

നിര്‍മ്മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിയായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക

 

സംസ്ഥാന റബ്ബര്‍ബോര്‍ഡ് ആവിഷ്‌കരിച്ച പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമായ 'എംറൂബി' പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന്, കുറഞ്ഞ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കും.നിര്‍മ്മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിയായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്.

ഉത്പാദകസ്ഥലങ്ങളില്‍നിന്ന് ദൂരെയുള്ളവരും സ്വന്തമായി ഗുണമേന്മാ പരിശോധനാ സൗകര്യങ്ങളില്ലാത്തവരുമായ ഉപയോക്താക്കളുണ്ട്.  വാങ്ങുന്ന റബ്ബറിന്റെ ഗുണമേന്മ സംബന്ധിച്ച് അത്തരക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം 'എംറൂബി'യില്‍ പ്രധാനമായും ചേര്‍ത്തിരിക്കുന്നത്. ഗുണമേന്മ വിലയിരുത്താന്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ആഭ്യന്തര റബ്ബര്‍വ്യാപാരത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.'എംറൂബി'യില്‍ ആര്‍.എസ്.എസ്., ഐ.എസ്.എന്‍.ആര്‍., കോണ്‍സെന്‍ട്രേറ്റഡ് ലാറ്റക്സ് എന്നീ ഗ്രേഡുകള്‍ക്കുള്ള ഈ പ്രത്യേക ഗുണമേന്മാ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ജൂലൈ 11 മുതല്‍ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം.

 

ഗുണമേന്മാസര്‍ട്ടിഫിക്കേഷനു വേണ്ടി ഓരോ ലൈസന്‍സിക്കും ആഴ്ചയില്‍ രണ്ട് അപേക്ഷകള്‍ മാത്രമേ അനുവദനീയമാകൂ. അതേ സമയം അളവില്‍ നിയന്ത്രണങ്ങളില്ലാതെ പോര്‍ട്ടലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാധാരണ നിരക്കുകളില്‍ എത്ര ഗുണമേന്മാ സര്‍ട്ടിഫിക്കേഷനുകള്‍ വേണമെങ്കിലും ലഭ്യമാക്കാം.പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമായ 'എംറൂബി' 2022 ജൂണ്‍ 8-നാണ് പ്രവര്‍ത്തനക്ഷമമായത്. നിലവില്‍ 500-ലധികം പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ടയര്‍, ടയറിതരമേഖലകളില്‍ നിന്നുള്ള റബ്ബറുത്പന്നനിര്‍മ്മാതാക്കളാണ്.


ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കുകയും ചെയ്തുകൊണ്ട് നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ്  ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.