- Trending Now:
ഭക്ഷണത്തില്‍ നിന്നൊഴിവാക്കാന്‍ ആകാത്തതും എന്നാല്‍ നിസാരവിലയുള്ളതുമായ ഒന്നാണ് ഉപ്പ്.കടല്‍വെള്ളം വറ്റിച്ചാണ് ഉപ്പ് നിര്‍മ്മിക്കുന്നത് വിപണിയില്‍ ഉപ്പിന് 10 രൂപയോളം മാത്രമെ വിലവരുന്നുള്ളു.എന്നാല്‍ ഇത് അരകിലോയ്ക്ക് ഏകദേശം 15000 വിലവരുന്ന ഉപ്പ്.
കൊറിയക്കാരുടെ സ്വന്തം ബാംബു സാള്‍ട്ടാണ് ഇത്തരത്തില്‍ വമ്പന്‍ വിലയില്‍ വില്‍ക്കുന്നത്.കൊറിയന്‍ പാചക സംസ്‌കാരത്തിന്റെയും അവരുടെ ആരോഗ്യപരിപാലനത്തിന്റെയും പ്രധാന ഘടകമാണ് ബാംബു സാള്‍ട്ട്. പര്‍പ്പിള്‍ സാള്‍ട്ട് (Purple salt) എന്നറിയപ്പെടുന്ന ഈ ഉപ്പ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഉപ്പാണ്. കൊറിയന്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് ബാംബു സാള്‍ട്ട്. ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് ബാംബു സാള്‍ട്ട് നിര്‍മിച്ചതെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രശസ്തി വ്യാപിക്കുകയായിരുന്നു.
ഒരു പ്രത്യേക ചൂളയില്‍ വെച്ചാണ് ബാംബു സാള്‍ട്ട് തയ്യാറാക്കുന്നത്. മുളയ്ക്കകത്ത് സാധാരണ ഉപ്പ് നിറച്ച് 800 ഡിഗ്രി താപനിലയില്‍ ഒമ്പത് തവണ ചൂടാക്കുന്നു. 40 മുതല്‍ 45 ദിവസം വരെയുള്ള പ്രക്രിയയാണ് ഇത്. ഇങ്ങനെ മുളക്കകത്തെ ധാതുക്കളുടെ ഗുണങ്ങള്‍ ഉപ്പിന് ലഭിക്കുന്നു. ഈ പ്രക്രിയ ഉപ്പിന്റെ ആകൃതിയും നിറവും മാറ്റുന്നു. പിന്നീട് അത് പൊടിച്ച് പാക്കറ്റുകളില്‍ നിറച്ചാണ് വില്‍ക്കുന്നത്. ഈ പ്രക്രിയ പൂര്‍ണമായും കൈകൊണ്ടാണ് ചെയ്യുന്നത്. പ്രക്രിയയുടെ അവസാനം 1,000 ഡിഗ്രി സെല്‍ഷ്യസിലാണ് മുള ചൂടാക്കുന്നത്. മുള കത്തി തീരുന്നതോടെ ഉപ്പിന്റെ വലിയ കഷണങ്ങള്‍ മാത്രം ശേഖരിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി, മെറ്റബോളിസം, ചര്‍മ സംരക്ഷണം, മികച്ച ദഹനം, പല്ലുകളുടെ സംരക്ഷണം തുടങ്ങി കാന്‍സറിനെ ചെറുക്കാനുള്ള ഘടകങ്ങള്‍ വരെ ബാംബു സാള്‍ട്ടില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ഉപ്പിനെ അപേക്ഷിച്ച് ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവയുടെ അളവ് ഇതില്‍ അധികമാണ്. ശരീരത്തിലെ വിട്ടുമാറാത്ത വീക്കങ്ങള്‍, വ്രണങ്ങള്‍, മോണരോഗങ്ങള്‍, തൊണ്ടവേദന, എന്നിവയ്ക്ക് ബാംബു സാള്‍ട്ട് വളരെയധികം ഫലം ചെയ്യുന്നു.
ബാംബു സാള്‍ട്ട് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അമിതമായാല്‍ ബാംബു സാള്‍ട്ടും അപകടമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിക്ലോറിനേറ്റഡ് ഡിബെന്‍സോ-പാരാ-ഡയോക്സിനുകളും പോളിക്ലോറിനേറ്റഡ് ഡിബെന്‍സോഫുറന്‍സും രാസ സംയുക്തങ്ങളുടെ ഒരു വിഭാഗമാണ്. ക്ലോറിന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചൂടാക്കുന്നത് മൂലം ചെറിയ അളവില്‍ അവ പലപ്പോഴും രൂപപ്പെടുന്നു. അതിനാല്‍ ഗര്‍ഭിണികളും ചെറിയ കുട്ടികളും ഇത് കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ബാംബു സാള്‍ട്ടില്‍ ആര്‍സെനിക് അംശം അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. മറ്റ് മരുന്നുകള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ബാംബു സാള്‍ട്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ് നിങ്ങളെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടിയിട്ട് ബാംബു സാള്‍ട്ട് കഴിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.