Sections

സംസ്ഥാനത്ത് 3 ലക്ഷത്തിലധികം പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു

Sunday, Jun 25, 2023
Reported By admin
ration card

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്


സംസ്ഥാനത്ത് ജൂൺ 22 വരെ 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. 86,003 PHH (പിങ്ക്) കാർഡുകൾ, 2,77,562 NPNS (വെള്ള) കാർഡുകൾ, 7,040 NPI (ബ്രൗൺ) കാർഡുകൾ എന്നിങ്ങനെയാണ് പുതുതായി അനുവദിച്ചത്. ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. 28,699 AAY(മഞ്ഞ) കാർഡുകൾ, 3,20,536 PHH (പിങ്ക്) കാർഡുകൾ എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ 54,76,961 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. അതിൽ 54,49,427 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 93,69,902 റേഷൻ കാർഡുകളാണ് ഉള്ളത്. 'ഓപ്പറേഷൻ യെല്ലോ' പരിപാടിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും, 1967 എന്ന ടോൾ ഫ്രീ നമ്പറിലും ജനങ്ങൾക്ക് റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം.

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്രകാരം ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിക്കും. തുടർന്ന്, 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡ് കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയാണ്. അനധികൃതമായി കാർഡ് കൈവശം ഉപയോഗിച്ചവരിൽ നിന്നും 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. പിഴയിനത്തിൽ കാർഡുടമകളിൽ നിന്നും 4,42,61,032 രൂപയും, 2022 ൽ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തിൽ 4,19,19,486 രൂപയും ചേർത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കി.

ഭക്ഷ്യമന്ത്രിയുടെ മെയ് മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 21 പരാതികൾ ലഭിച്ചിരുന്നു. 17 പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മറ്റു പരാതികൾ റേഷൻ വിതരണത്തെ സംബന്ധിച്ചും, സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.