മഴക്കാലം രോഗങ്ങളുടെ കാലമാണ്. ജനസംഖ്യാ വർധനവും, അശാസ്ത്രീയമായ മാലിന്യ സംസ്കരണവും പരിസര ശുചിത്വം ഇല്ലായ്മയുമാണ് മഴക്കാലത്തെ രോഗകാലമായി മാറ്റുന്നത്. പ്രാണിജന്യ രോഗങ്ങൾ, ജന്തുജന്യരോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവയാണ് പ്രധാനമായും മഴക്കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത്.
- ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻഗുനിയ എന്നിവയാണ് മഴക്കാലത്ത് വ്യാപിക്കുന്ന പ്രധാന കൊതുകുജന്യ രോഗങ്ങൾ. നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം പടർന്നു പിടിക്കുന്നതും നിരവധി മരണങ്ങൾക്ക് കൂടി കാരണമായ രോഗമാണ് ഡെങ്കിപ്പനി. കുറഞ്ഞ അളവിൽ പോലും കെട്ടിനിൽക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്ടസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകൾ ആണ് ഈ രോഗത്തിന് കാരണം. പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, അതിശക്തമായ ശരീര വേദന, നേത്രഗോളത്തിലെ വേദന, ദഹനക്കുറവ്, ഛർദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും നല്ല വിശ്രമവും ലഭിച്ചില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരാവസ്ഥയിലേക്ക് മാറി മരണം വരെ സംഭവിക്കാം. ഡെങ്കി ഷോക്ക് സിൻഡ്രോം, ഡെങ്കി ഹെമറേജിക്ഫീവർ എന്നിവയാണ് അപകടം. മറ്റു പ്രധാന കൊതുകജന്യ രോഗങ്ങളാണ് മലമ്പനിയും ചിക്കൻഗുനിയയും.
- മഴക്കാലത്ത് പ്രധാനമായും ഭീഷണിയാകുന്ന ജന്തുജന്യ രോഗം എലിപ്പനിയാണ്. എലി, കീരി, അണ്ണാൻ തുടങ്ങിയ ജീവികളുടെയും, വളർത്തു മൃഗങ്ങളായ പശു, ആട് തുടങ്ങിയവയുടെയും ഒക്കെ മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി അഥവാ വീൽസ് ഡിസീസ്. ഇത്തരത്തിൽ രോഗാണുക്കൾ കലർന്ന മണ്ണിലോ വെള്ളത്തിലോ ജോലി ചെയ്യുമ്പോഴും ചവിട്ടുമ്പോഴും ശരീരത്തിലെ മുറിവുകൾ വഴിയോ ശ്ലേഷ്മ സ്തരങ്ങൾ വഴിയോ ആണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്.പനി, പേശി വേദന, തലവേദന, ഛർദ്ദി, കണ്ണുകളിൽ ചുവപ്പുനിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടിയാൽ എളുപ്പത്തിൽ ഭേദമാക്കാൻ പറ്റുന്ന അസുഖമാണ് എലിപ്പനി. ചികിത്സ ലഭ്യമാകാൻ വൈകിയാൽ ആന്തരിക അവയവങ്ങളായ കരൾ, വൃക്ക തുടങ്ങിയവയെ ബാധിച്ചു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.
- വയറിളക്ക രോഗങ്ങളാണ് പ്രധാനപ്പെട്ട ജലജന്യ രോഗം. ദഹന വ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണിത്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. സാധാരണയിൽ നിന്ന് അയഞ്ഞ് ദ്രാവക രൂപത്തിൽ മലവിസർജ്ജനം ഉണ്ടാവുകയാണെങ്കിൽ അതിനെ വയറിളക്കം എന്ന് പറയാം. പ്രധാനമായും വൈറസുകൾ, ബാക്ടീരിയകൾ, അമീബകൾ തുടങ്ങിയ പരാദജീവികൾ മൂലമാണ് വയറിളക്കം ഉണ്ടാകുന്നത്. വയറിളക്കത്തിന്റെ ആരംഭം മുതൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ORS മിശ്രിതമോ വീട്ടിൽ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഞ്ചസാര ചേർത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം നൽകാവുന്നതാണ്. രോഗാണുക്കൾ കുടിവെള്ളം വഴിയും ആഹാരത്തിൽ കൂടിയുമാണ് ശരീരത്തിലെത്തുന്നത്. കോളറ, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം ഇ, ടൈഫോയിഡ്, ഭക്ഷ്യ വിഷബാധ എന്നിവയെല്ലാം മഴക്കാലത്ത് വ്യാപന സാധ്യതയുള്ള ജലജന്യ രോഗങ്ങളാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഓർമ്മക്കുറിവിന് പരിഹാരം കാണാം ജീവിത ശൈലിയിലെ ഈ മാറ്റങ്ങളിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.