Sections

ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന രാജ്യം; ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഇന്ത്യ

Tuesday, Feb 15, 2022
Reported By Admin
modi

ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്

 

ദില്ലി: ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന (Ease of Doing Business) അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ . 500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 (The Global Entrepreneurship Monitor (GEM) 2021/2022 report) ലാണ് ഇന്ത്യ ഈ അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയത്. ദുബൈ എക്‌സ്‌പോയിലാണ് (Dubai Expo) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ 2000 ത്തിലേറെ പേരില്‍ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.

ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്. 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും തകര്‍ച്ച ഭയന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാന്‍ മടിക്കുന്ന കൂടുതല്‍ പേരുള്ള രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.

ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ട 47 രാജ്യങ്ങളില്‍ 15 ഇടത്തും കൊവിഡ് കാലം പുതിയ അവസരങ്ങള്‍ തുറന്നതായാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 2020 ല്‍ ഈ പട്ടികയില്‍ വെറും ഒന്‍പത് രാജ്യങ്ങളിലെ സംരംഭകര്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലെ സാധ്യതകളെ ഉപയോഗിച്ച് ബിസിനസില്‍ മാറ്റം വരുത്തിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.