Sections

42 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ എന്ന 'ബ്രാന്‍ഡ്' വളര്‍ന്നത് 200 ഇരട്ടിയാണ്. ആ കണക്ക് ഇതാ 

Monday, Jan 24, 2022
Reported By Ambu Senan
mohanlal local economy

ശങ്കറും മമ്മൂട്ടിയും റഹ്മാനും ഒക്കെ കൈവെയ്ക്കുന്ന വില്ലനില്‍ നിന്ന് അയാള്‍ നായകസ്ഥാനത്തേക്ക് വളര്‍ന്നു

 

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒന്നാമത് നില്‍ക്കുന്നത് 'ദി കംപ്ലീറ്റ് ആക്ടര്‍' എന്ന ഖ്യാതി നേടിയ മോഹന്‍ലാലാണ്. തിരനോട്ടം എന്ന വെളിച്ചം കാണാതെ പോയ ചിത്രത്തില്‍ തുടങ്ങി പിന്നീട് വന്ന മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ തുടങ്ങിയ നടന വിസ്മയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു അത്ഭുതമായി മാറുകയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ 'ചളുങ്ങിയ' മുഖമുള്ള വില്ലന്‍ കഥാപാത്രത്തില്‍ നിന്ന് എല്ലാവരും ഇഷ്പെടുന്ന നായകനായി ചുരുങ്ങിയ സമയം കൊണ്ട് അയാള്‍ മാറി. അന്ന് നാലക്കം പ്രതിഫലം വാങ്ങിയിരുന്ന മോഹന്‍ലാല്‍ ഇന്ന് പ്രതിഫലം വാങ്ങുന്നത് 8 അക്ക തുകയാണ്. ആ വളര്‍ച്ചയുടെ പടവുകള്‍ നമുക്കൊന്നു പരിശോധിക്കാം. 

                                                                                                                                                   

ഏതൊരു മേഖലയിലും ഇത്രയും കാലം പിടിച്ചു നില്‍ക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. ഇത്രയും കടുത്ത മത്സരം നടക്കുന്ന മേഖലയില്‍ മോഹന്‍ലാല്‍ കടന്നു വരുമ്പോള്‍ അയാള്‍ വില്ലനായിരുന്നു. ശങ്കറും മമ്മൂട്ടിയും റഹ്മാനും ഒക്കെ കൈവെയ്ക്കുന്ന വില്ലനില്‍ നിന്ന് അയാള്‍ നായകസ്ഥാനത്തേക്ക് വളര്‍ന്നു. അതും പലരും എടുക്കാന്‍ മടിച്ച, നായകനെക്കാള്‍ ഒരുപടി മുന്നില്‍ നിന്ന വില്ലന്‍ കഥാപാത്രം ഭാഗ്യത്തിന്റെ രൂപത്തില്‍ ലാലിന് മുന്നില്‍ വന്നത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു. വമ്പന്‍ വിജയം നേടിയ ചിത്രത്തിലൂടെ മോഹന്‍ ലാല്‍ മലയാള സിനിമയിലെ രാജാവായി മാറുകയായിരുന്നു. വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ലാലിന്റെ കരിയര്‍ തന്നെ മാറ്റിമറച്ചു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ആരാധകര്‍ അക്കാലത്ത് ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ഒരു നടനെന്ന നിലയില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് രാജാവിന്റെ മകന് ശേഷം മോഹന്‍ലാലിന്റെ കരിയറില്‍ സംഭവിച്ചത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു ഇത്. അന്ന് ആ ചിത്രത്തിന് മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം വെറും അന്‍പതിനായിരം രൂപയ്ക്ക് താഴെ മാത്രമാണ്. 

                                                       

എന്നാല്‍ ഇന്ന് മലയാള സിനിമയുടെ നെടുംതൂണായ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം 6 കോടി മുതല്‍ 8 കോടി വരെയാണ്. കാലത്തിന്റേതായ മാറ്റവും പൈസയുടെ മൂല്യവും കണക്കിലെടുത്താല്‍ മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ച 200 മടങ് അധികമാണ്. ഒരു ബ്രാന്‍ഡായി മാറാന്‍ മോഹന്‍ലാലിന് സാധിച്ചു എന്നത് തന്നെയാണ് എത്ര പ്രതിഫലം വേണമെങ്കിലും നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നത്. അഭിനയം, ഡാന്‍സ്, സംഘട്ടനം, കോമഡി, തുടങ്ങി ഏത് രീതിയില്‍ വേണമെങ്കിലും ലാലിനെ ഉപയോഗിക്കാമെന്നത് സംവിധായകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. 

                                                                                                           

മലയാളത്തിലെ താരരാജാക്കന്‍മാര്‍ക്ക് പോലും അന്യഭാഷാ നായകന്‍മാരെ വച്ച് പ്രതിഫലം വളരെ കുറവാണ്. അഭിനയത്തില്‍ മലയാള നടന്മാരുടെ ഏഴയലത്ത് പോലും വരാത്ത കന്നഡ-തെലുങ് നടന്മാര്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ വാങ്ങുന്നതിലും നാലോ അഞ്ചോ ഇരട്ടിയാണ്. മലയാള സിനിമ അന്യഭാഷാ ചിത്രങ്ങളെ അപേക്ഷിച്ചു അത്ര ചെലവേറിയതല്ലെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി വരുന്നുണ്ട്. 15 കോടി മുടക്കിയാല്‍ 100 കോടി തിരികെ ലഭിക്കുന്ന സാഹചര്യം ഇപ്പോള്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അത് കൊണ്ട് ബിഗ് ബജറ്റില്‍ തുക മുടക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നുണ്ട്. ഈയൊരു സ്ഥിതി കൊണ്ടുവന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചതും മോഹന്‍ലാലാണ്. മലയാളത്തിലെ ആദ്യ 5 കോടി, 10 കോടി, 50 കോടി, 100 കോടി, 150 കോടി, 200 കോടി കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ മോഹന്‌ലാലിന്റേതായിരുന്നു. 

                                                          

 മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 1989ല്‍ പുറത്തിറങ്ങിയ കിരീടം. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു. മലയാള സിനിമ മേഖലയെ മാത്രമല്ല ഇന്ത്യന്‍ സിനിമ മേഖലയെ ഏറെ സ്വാധീനിച്ച ഒരു സിനിമ കൂടി ആയിരുന്നു കിരീടം. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു ചിത്രം. 

കിരീടത്തില്‍ അഭിനയിക്കുന്ന സമയത്ത് മോഹന്‍ലാല്‍ കേരളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി മാറിയിട്ടുണ്ടായിരുന്നു. അന്ന് നാലര ലക്ഷം രൂപ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ നിര്‍മാതാവ് ഗുഡ് നൈറ്റ് മോഹനുമായുള്ള ബന്ധത്തിന്റെ പുറത്ത് കിരീടത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം നാല് ലക്ഷം രൂപ മാത്രമേ പ്രതിഫലം വാങ്ങിയുള്ളുവത്രെ. കിരീടം സിനിമയുടെ ആകെ നിര്‍മാണച്ചെലവ് വെറും ഇരുപത്തി മൂന്നര ലക്ഷം രൂപയായിരുന്നു.

                                                                 

കൃത്യമായി പറഞ്ഞാല്‍, 32 വര്‍ഷം മുമ്പാണ് കിരീടം റിലീസ് ചെയ്യുന്നത്. അന്ന് നാലര ലക്ഷം രൂപ പ്രതിഫലം വാങ്ങിച്ചിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത് അഞ്ച് കോടി മുതല്‍ എട്ട് കോടി വരെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിരീടത്തിന് വാങ്ങിയതിന്റെ ഇരുനൂറ് ഇരട്ടി വരെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലം എന്നര്‍ത്ഥം. ഇതിനിടയില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര ഹിറ്റും സൂപ്പര്‍ ഹിറ്റുകളും മോഹന്‍ലാലിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു. വീട്ടിലെ ഷെല്‍ഫില്‍ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ കൊണ്ട് നിറയുകയും ചെയ്തു.

പണ്ട് താരങ്ങളുടെ പ്രതിഫലത്തുക മൊത്തം നിര്‍മാണച്ചെലവിന്റെ അഞ്ചില്‍ ഒന്നില്‍ ഒക്കെ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്ന്, പല സിനിമകളുടേയും നിര്‍മാണച്ചെലവിന്റെ പാതിയോളവും സൂപ്പര്‍ താരങ്ങളുടേയും മറ്റ് പ്രമുഖ അഭിനേതാക്കളുടേയും പ്രതിഫലത്തിനായി ചെലവഴിക്കേണ്ട സ്ഥിതിയാണ്. 

                                                  

ഇത്രയുമൊക്കെ പ്രതിഫലം വാങ്ങാന്‍ എന്തിരിക്കുന്നു എന്ന് നെറ്റി ചുളിക്കുന്നവര്‍ ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്ന്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ അവര്‍ക്ക് ഉള്ളതിന്റെ അത്രയും പ്രായം പറയുമോ? ഇല്ല. ഇഷ്ട്ടം പോലെ കാശ് ഉണ്ടല്ലോ, അത് കൊണ്ട് ചുമ്മാ ഇരുന്ന് സമയത്ത് ഇഷ്ടമുള്ള ആഹാരമൊക്കെ കഴിച്ചിരുന്നാല്‍ പോരെ എന്ന് ചോദിച്ചാല്‍ ഈ ലുക്കും ഗെറ്റപ്പും ലഭിക്കില്ല. കൃത്യമായ സമയത്ത് എണീക്കുകയും, വ്യയാമം മുറയ്ക്ക് ചെയ്യുകയും ഇഷ്ടമുള്ള പല ഭക്ഷണങ്ങളും ഒഴിവാക്കി ആരോഗ്യപരമായ ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഫീല്‍ഡില്‍ പിടിച്ചു നില്ക്കാന്‍ കഴിയുന്നത്. അത് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ 'ബ്രാന്‍ഡുകളായി' മാറിയത്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.