Sections

2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറും

Monday, Aug 29, 2022
Reported By MANU KILIMANOOR

4440 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മം നരേന്ദ്രമോദി നിര്‍വ്വഹിച്ചു

2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ അതിനുവേണ്ട പ്രവര്‍ത്തങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചു കഴിഞ്ഞു. രാജ്യം എല്ലാ മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരാണ്. ഭുജ് ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന നിരവധി വികസന പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മോദി.

ഭൂകമ്പത്തിന് ശേഷം ഗുജറാത്തിന്റെ വികസന പദ്ധതികളെ പ്രതിപക്ഷം പിന്നില്‍ നിന്നു കുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ വികസന രംഗത്ത് മികച്ച സംഭാവന നല്‍കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2001ല്‍ നടന്ന ഭൂകമ്പത്തിന് ശേഷം ഗുജറാത്തിന്റെ വികസന പദ്ധതികളെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തിയത്.പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടായതിന് ശേഷം ഗുജറാത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിക്ഷേപം നടത്താന്‍ തയ്യാറായ നിരവധി വന്‍ കിട കമ്പനികളെ പിന്തിരിപ്പിക്കുകയും അതില്‍ നിന്നും പിന്മാറണമെന്നും പ്രതിപക്ഷം പറഞ്ഞതായി മോദി ആവര്‍ത്തിച്ചു. ഗുജറാത്ത് രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ താങ്ങി നിര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്.വിവിധ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മികച്ച പുരോഗതി കൈവരിക്കാന്‍ ഇതിനകം കഴിഞ്ഞു.

തകര്‍ന്നു വീണ ഗുജറാത്തിനെ ഉയര്‍ത്തി കൊണ്ടുവരാനുള്ള ബിജെപി സര്‍ക്കാരിന്റെ പരിശ്രമങ്ങളെ തകര്‍ക്കനുള്ള ഗൂഢ പദ്ധതി മെനയാനാണ് പ്രതിപക്ഷം ശ്രമിച്ചു വന്നത്. ദുരന്തങ്ങള്‍ ഓരോന്നായി സംസ്ഥാനത്ത് ഉണ്ടാവുമ്പോഴും അതിനെ നേരിടുകയും ശക്തമായി തിരിച്ചു വരാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു സര്‍ക്കാര്‍. 2001ല്‍ തകര്‍ന്നു പോയ കച്ചിനെ വികസനത്തിന്റെ കൊടുമുടികളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ നടത്തിയ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ മോദി എടുത്ത് പറഞ്ഞു.ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വര്‍മ കച്ച് സര്‍വകലാശാല 2003ല്‍ രൂപീകരിച്ചുവെന്നും 35ല്‍ അധികം പുതിയ കോളേജുകള്‍ സ്ഥാപിച്ചു എന്നും മോദി പറയുകയുണ്ടായി.

കച്ചിലെ സര്‍ഹദ് ഡയറിയുടെ ഏറ്റവും പുതിയ ഓട്ടോമാറ്റിക് പാല്‍ സംസ്‌കരണ പ്ലാന്റ്, പാക്കിംഗ് പ്ലാന്റ്, റീജിയണല്‍ സയന്‍സ് സെന്റര്‍, ഡോ. ബാബാസാഹേബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വീര്‍ ബാല്‍ സ്മാരക്, സബ്‌സ്റ്റേഷന്‍ തുടങ്ങി 4440 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മം അദ്ദേഹം നിര്‍വ്വഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.