Sections

വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ അനിവാര്യം, ആധുനിക തരം പാക്കിംഗ് സംവിധാനം കൊണ്ടുവരും; കൃഷി മന്ത്രി

Saturday, Jun 17, 2023
Reported By admin
agriculture

ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ലാഭം ഉണ്ടാക്കാൻ കഴിയണം. പ്ലാസ്റ്റിക് കവറിലെ പാക്കിംഗ് രീതികൾ മാറ്റണം


മനുഷ്യ ശരീരം എല്ലാം നിക്ഷേപിക്കാൻ കഴിയുന്ന കുപ്പത്തൊട്ടിയല്ലെന്നും ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ അനിവാര്യമാണെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തും സി.പി.സി.ആർ.ഐ. ഫാർമർ ഫസ്റ്റും ചേർന്ന് നടത്തിയ ചെറുധാന്യ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് ചെറുധാന്യകൃഷി നടത്തിയത്.

വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ കഴിയണം. നമ്മുടെ കർഷകർ അരി കൃഷിക്ക് പിന്നാലെ പോയപ്പോൾ ആദിവാസി സമൂഹം ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. അട്ടപ്പാടിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾ സംസ്ഥാന കൃഷിവകുപ്പ് ബ്രാൻഡ് ചെയ്ത് ഇന്ന് വിപണിയിലെത്തിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ ഒരു ഫാക്ടറിയും അട്ടപ്പടിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷി കൂട്ടങ്ങളുടെ പേരിൽ തന്നെ വിവിധ ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ലാഭം ഉണ്ടാക്കാൻ കഴിയണം. പ്ലാസ്റ്റിക് കവറിലെ പാക്കിംഗ് രീതികൾ മാറ്റണം. ആധുനിക തരം പാക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

എ.എം.ആരിഫ് എം.പി. മില്ലറ്റ് പ്രദർശനത്തിന്റെ ഉദ്ഘാടനവും നവകേരള കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ ഭക്ഷ്യ മേളയുടെ ഉദ്ഘാടനവും നിർവഹിച്ചു. ചെറുധാന്യ കൃഷികളായ ചാമ, പനിവരഗ്, മണിച്ചോളം എന്നിവയാണ് വിളവെടുത്തത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.