- Trending Now:
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീര വികസന മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, പാറശ്ശാല എന്നീ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏതു സമയത്തും കർഷകർക്ക് മൃഗചികിത്സാ സൗകര്യം ലഭിക്കുന്നതിനും 24 മണിക്കൂറൂം കർഷകർക്ക് സംശയദൂരീകരണത്തിനും അടിയന്തിര ഘട്ടങ്ങളിൽ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനും ഡോക്ടറുടെ സേവനം ആവശ്യപ്പെടുന്നതിനുമായി സൗജന്യമായി ബന്ധപ്പെടാവുന്ന 1962 എന്ന ടോൾ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കോൾസെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും.
കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ലൈവ്സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോളിന് കീഴിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്ന ഘടകത്തിനു കീഴിലാണ് സംസ്ഥാനത്തിന് 29 മൊബൈൽ യൂണിറ്റുകൾ അനുവദിച്ചത്. ഇതിനായി കേന്ദ്രസർക്കാർ 4.64 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വാഹനത്തിന്റെ യൂണിറ്റ് കോസ്റ്റ് ചിലവ് 16 ലക്ഷം രൂപയാണ്. ഇത്തരത്തിൽ 29 വാഹനങ്ങൾ വാങ്ങുകയും ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ വാഹനത്തിനകത്ത് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് വാഹനം അനുവദിച്ചിരിക്കുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ രണ്ട് ബ്ലോക്കുകളിൽ വീതവും, ഇടുക്കിയിൽ മൂന്ന് ബ്ലോക്കുകളിലുമാണ് വാഹനങ്ങൾ നൽകുന്നത്. വാഹനങ്ങളുടെ തുടർനടത്തിപ്പ് ചിലവ് 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും. കരാറടിസ്ഥാനത്തിൽ ഒരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്നു പേരാണ് ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ ശമ്പളവും, വാഹനത്തിനാവശ്യമായ മരുന്നുകളും, ഇന്ധനചെലവും 60:40 എന്ന അനുപാതത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും. പ്രാരംഭഘട്ടത്തിൽ ഉച്ചക്ക് ശേഷം ഒരു മണി മുതൽ രാത്രി 8 മണി വരെ ആണ് ഇതിന്റെ സേവനം ലഭിക്കുക.
കർഷകർക്കും, പൊതുജനങ്ങൾക്കും '1962' എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ കാൾ സെന്ററുമായി ബന്ധപ്പെടാം. മൊബൈൽ യൂണിറ്റുകൾ കർഷകരുടെ വീട്ടുപടിക്കൽ എത്തേണ്ടതുണ്ടെങ്കിൽ കാൾസെന്റർ ഈ യൂണിറ്റുകളെ കർഷകരുമായി ബന്ധിപ്പിക്കും.
തിരുവനന്തപുരത്താണ് കാൾ സെന്റർ പ്രവർത്തിക്കുക. കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50 രൂപ കൂടി അധികമായി ഈടാക്കും. അരുമ മൃഗങ്ങളെ ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950 രൂപ. ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേ സമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപ. 91 പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.