Sections

കൂട്ട പിരിച്ചുവിടല്‍; ആമസോണിന് സമന്‍സ് അയച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം

Wednesday, Nov 23, 2022
Reported By admin
amazon

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്

 

ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആമസോണ്‍ ഇന്ത്യയ്ക്ക് സമന്‍സ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. 

ആമസോണ്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയന്‍ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (NITES) നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആമസോണിന്റെ സമന്‍സ് അയച്ചിരിക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് അയച്ച കത്തില്‍, ആമസോണ്‍ ജീവനക്കാരെ കമ്പനിയില്‍ നിന്ന് നിര്‍ബന്ധിതമായി നീക്കം ചെയ്തതായി എന്‍ഐടിഇഎസ് പറഞ്ഞു. 

നവംബര്‍ 30-നകം  പിരിച്ചുവിടുന്ന ജീവനക്കാരോട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറഞ്ഞുകൊണ്ടുള്ള വോളണ്ടറി സെപ്പറേഷന്‍ പ്രോഗ്രാം സംബന്ധിച്ച മെയില്‍ അയച്ചിട്ടുണ്ടെന്ന് എന്‍ഐടിഇഎസ് പറഞ്ഞു. ഇതുമൂലം പലരുടെയും ഉപജീവനമാര്‍ഗം ഇല്ലാതായതായി എന്‍ഐടിഇഎസ് ചൂണ്ടികാണിക്കുന്നു. വ്യവസായ തര്‍ക്ക നിയമത്തിന് കീഴില്‍, സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു തൊഴിലുടമയെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് എന്‍ഐടിഇഎസ് വാദിക്കുന്നു. 

നിര്‍ബന്ധിതമായി പിരിച്ചുവിടല്‍ നടത്താന്‍ ആമസോണ്‍ തയ്യാറാകുമ്പോള്‍ ജീവനക്കാര്‍ക്ക് നീതി ലഭിക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് എംപ്ലോയീസ് യൂണിയന്‍ ആയ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റിന്റെ പ്രസിഡന്റ് ഹര്‍പ്രീത് സലൂജ മാധ്യമങ്ങളോട് പറഞ്ഞു ആമസോണ്‍ ആവിഷ്‌കരിച്ച അധാര്‍മ്മികമായ സ്വമേധയാ വേര്‍പിരിയല്‍ നയം സര്‍ക്കാര്‍ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ആദ്യ ഘട്ടത്തില്‍ ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ പിരിച്ചുവിടലുകള്‍ 2023 വരെ തുടരും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.