Sections

അരുവിക്കരയിൽ കാർഷിക സേവന കേന്ദ്രവും അഗ്രി ബസാറും തുറന്ന് മന്ത്രി വി. എൻ വാസവൻ

Thursday, Jul 27, 2023
Reported By Admin
Co-operative Sector

കർഷക സേവന കേന്ദ്രത്തിന്റെയും ഗ്രാമശ്രീ അഗ്രി ബസാറിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു


അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കർഷക സേവന കേന്ദ്രത്തിന്റെയും ഗ്രാമശ്രീ അഗ്രി ബസാറിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കാർഷിക മേഖലയുടെയും സഹകരണ മേഖലയുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ് ഇരു മേഖലകളിലെയും മികച്ച പുരോഗതിക്ക് കാരണമെന്ന് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. ഇതുപോലെയുള്ള സംരംഭങ്ങളിലൂടെ കാർഷിക രംഗത്തെ കൈപിടിച്ചുയർത്താൻ സഹകരണ മേഖലയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി സ്റ്റീഫൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള കൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്തുക, വിദഗ്ദപഠനപരിശീലനങ്ങൾ നൽകുക,
ജൈവപച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ, മുട്ട, മാംസം, മത്സ്യം, തേൻ, കൂൺകൃഷി എന്നിവയുടെ ഉൽപ്പാദനത്തിൽ വീട്ടമ്മമാർ, തൊഴിൽ രഹിതരായ യുവതി യുവാക്കൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, സ്കൂൾ കാർഷിക ക്ലബ്ബുകൾ തുടങ്ങിയവരെ പങ്കാളികളാക്കുക , ഇതിലൂടെ ഉല്പാദന വിതരണ രംഗത്ത് ഗ്രാമ പഞ്ചായത്ത് പ്രദേശം സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് കാർഷിക സേവന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

കർഷകർ ഉല്പാദിപ്പിച്ച വിളകൾ ന്യായവില നൽകി വില്പനക്ക് എടുക്കാനും വിഷരഹിത പഴം പച്ചക്കറി വിൽപനയുമാണ് അഗ്രി ബസാറിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ കാർഷിക ഉല്പനങ്ങൾ വിവിധതരം ചെറുകിട ആയുധങ്ങൾ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ ജൈവവളങ്ങൾ ജൈവ കീടനാശിനികൾ എന്നിവയും ഇവയിലൂടെ ലഭ്യമാണ്.
സംസ്ഥാന സർക്കാരിന്റെ 2022 -23 വർഷത്തെ പദ്ധതി തുകയിൽ നിന്നും 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ചടങ്ങിൽ വിവിധ കർഷകരെ മന്ത്രി വി. എൻ വാസവൻ ആദരിച്ചു. അഗ്രി ബസാറിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ ഹരിലാൽ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ആർ.രാജ്മോഹൻ, സംസ്ഥാന അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.