Sections

'ഈറ്റ് റൈറ്റ് കേരള' മൊബൈൽ ആപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

Wednesday, Jun 07, 2023
Reported By Admin
Eat Right Kerala

ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം


സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള (Eat Right Kerala) എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു.

ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ (World Food Safety Day) ഇന്ന് (ജൂൺ 7ന്) മസ്കറ്റ് ഹോട്ടലിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

'Food Standards Save Lives' എന്നാതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എൻഫോഴ്സ്മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച് വരുന്നു. മികച്ച പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകി. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ യാഥാർത്ഥ്യമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.