- Trending Now:
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്ര വലിയ ഭവന പദ്ധതി നടപ്പാക്കിയിട്ടില്ല
ലൈഫ് ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിളയൂർ ഗ്രാമപഞ്ചായത്തിലെ ഓടുപാറയിൽ ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരമുള്ള 303 വീടുകളുടെ തറക്കല്ലിടൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 20,000 വീടുകളുടെ താക്കോൽ കൈമാറ്റം മെയ് നാലിന് കൊല്ലത്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ 20,000 കേന്ദ്രങ്ങളിൽ ഇതോടനുബന്ധിച്ചുള്ള താക്കോൽ കൈമാറ്റ ചടങ്ങുകൾ നടക്കുമെന്നും കൂടാതെ അന്ന് തന്നെ 41,134 പുതിയ കരാറുകൾ വെക്കുമെന്നും മന്ത്രി പറഞ്ഞു. 3,40,041 ലൈഫ് വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 30,000 പേർക്ക് ലൈഫ് വീടിനുള്ള കരാർ വയ്ക്കുന്നതോടെ നാലര ലക്ഷത്തോളം ആളുകൾക്കാണ് സംസ്ഥാനത്ത് സ്വന്തമായി വീടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്ര വലിയ ഭവന പദ്ധതി നടപ്പാക്കിയിട്ടില്ല. കൂടുതൽ പേർക്ക് വീട് കൊടുത്ത ഭവന പദ്ധതിയാണ് ലൈഫെന്നും അദ്ദേഹം പറഞ്ഞു. വീടില്ലാത്ത എല്ലാവർക്കും വീട് ഒരുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് വീട് വയ്ക്കുന്നതിന് നൽകുന്ന ഏറ്റവും ഉയർന്ന തുക കേരളത്തിന്റേതാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തെലുങ്കാന 1.80 ലക്ഷം രൂപ നൽകുമ്പോൾ കേരളം നൽകുന്നത് നാല് ലക്ഷം രൂപയാണ്. കേരളത്തിലെ നാല് ലക്ഷം വീടുകൾക്കായി സംസ്ഥാനം ചെലവഴിച്ചത് പതിനാറായിരം കോടി രൂപയാണ്. ഇത് വലിയ നേട്ടമാണ്. 37,000 കോടി രൂപ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ പേർക്ക് വീട് നിർമ്മിച്ചു നൽകാൻ സംസ്ഥാനത്തിനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിളയൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി ആകെ ലഭിച്ച 573 അപേക്ഷകളിൽ 270 പേർക്കുള്ള ധനസഹായം ഇതുവരെ വിതരണം ചെയ്തു. 303 വീടുകളുടെ തറക്കല്ലിടൽ നടത്തി. അപേക്ഷിച്ച മുഴുവൻ പേർക്കും വീട് യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പേരടിയൂർ ഓടുപാറ ലക്ഷം വീട് കോളനിയിലെ 24 കുടുംബങ്ങൾ ഉൾപ്പടെയുള്ള 303 വീടുകളുടെ തറക്കല്ലിടലാണ് മന്ത്രി നിർവഹിച്ചത്. മുഹമ്മദ് മുഹ്സിൻ എം.എൽഎ. അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.