Sections

സർക്കാർ ശ്രമിക്കുന്നത് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാൻ : മന്ത്രി പി. രാജീവ്

Saturday, Jan 20, 2024
Reported By Admin
Solar Power Plant

ആട്ടോകാസ്റ്റിലെ 2 മെഗാവാട്ട് സൗരോർജ്ജ പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു


ആലപ്പുഴ: സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആട്ടോകാസ്റ്റ് ലിമിറ്റഡിലെ 2 മെഗാ വാട്ട് സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

റെയിൽവേ ബി ടു ബി, ഷിപ്പിയാഡിൽ നിന്നുള്ള ഓർഡറുകൾ, എം എസ് എം യിലൂടെയുള്ള സാധ്യതകൾ, റെവോൾവിങ് ഫണ്ട് തുടങ്ങി വിവിധ രീതിയിൽ ഈ സ്ഥാപനത്തെ പരമാവധി ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ഐഡിസിയുടെ സ്ഥലത്ത് മാരിടൈം ക്ലസ്റ്ററിന്റെ ആദ്യപാദം ആരംഭിക്കുന്നത് ഫെബ്രുവരി 20 നുള്ളിൽ പ്രഖ്യാപിക്കും. ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആട്ടോ കാസ്റ്റിനേയും അതിന്റെ ഭാഗമാക്കാൻ സാധിക്കും. ദൈനംദിന ചെലവുകൾക്കായി പെട്രോൾ പമ്പ് ഔട്ട്ലെറ്റ് സ്ഥാപിക്കാനായി എൻ.ഒ.സി നൽകിയിട്ടുണ്ട്. അങ്ങനെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സ്ഥാപനത്തെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ആട്ടോകാസ്റ്റിലെ സൗരോർജ്ജ പദ്ധതിയിലൂടെ പ്രതിമാസം 10 ലക്ഷം രൂപ വൈദ്യുതി ചാർജ്ജ് ഇനത്തിൽലാഭിക്കാം. ഇതോടെ ഉദ്പാദന ചെലവ് കുറച്ചു വിപണിയിൽ കൂടുതൽ മത്സരം സജ്ജമാക്കാൻ സാധിക്കും. പദ്ധതിക്കായി ചെലവഴിച്ച തുക ഒമ്പത് വർഷം കൊണ്ട് തിരിച്ചു പിടിക്കാനും സാധിക്കും.

റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ വലിയൊരു ഭാഗം സംസ്ഥാനം തന്നെ സമാഹരിക്കുകയാണ്. സംസ്ഥാനത്തിന്റെ സ്വന്തം റിസോഴ്സസ് കമ്പോണന്റ് കൂടുതലുള്ള മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. വായ്പ എടുക്കുന്നതിനു കേന്ദ്രം ഇപ്പോൾ തടസം സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വരുമാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതം കുറഞെന്നും മന്ത്രി പറഞ്ഞു.

സൗരോർജം ഉപയോഗിച്ചുള്ള ആട്ടോകാസ്റ്റിലെ യന്ത്രങ്ങളുടെ പ്രവർത്തനത്തിനും മന്ത്രി തുടക്കമിട്ടു. പി. പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശന ഭായി, വാർഡ് മെമ്പർ സീമ ദിലീപ്, ആട്ടോകാസ്റ്റ് ലിമിറ്റഡ് ചെയർമാൻ അലക്സ് കണ്ണമല, മാനേജിംഗ് ഡയറക്ടർ വി.കെ പ്രവി രാജ്, വ്യവസായ വകുപ്പ് ഒഎസ്ഡി ആനി ജൂല തോമസ്, ബിപി ടി മെമ്പർ സെക്രട്ടറി പി.സതീഷ് കുമാർ, കെ എസ്ഡിപി ചെയർമാൻ സി.ബി ചന്ദ്രബാബു, ആട്ടോകാസ്റ്റ് മുൻ ചെയർമാൻ കെ.എസ് പ്രദീപ്കുമാർ, ഡയറക്ടർ കെ.എസ് രാജീവ്, എ ഡി എം എസ്.സന്തോഷ് കുമാർ, സീനിയർ മാനേജർ പി. വരദരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിദിനം ശരാശരി 25,000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ആട്ടോകാസ്റ്റിൽ ഹരിതോർജ്ജ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉൽപാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പൂർണ്ണമായും സംസ്ഥാന സർക്കാർ സഹായത്തോടെ ഐഎൻകെഇഎൽ മുഖാന്തിരം സ്ഥാപിക്കുന്ന 2 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിലൂടെ പ്രതിദിനം 8000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.