- Trending Now:
ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരകർഷകരുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനുവരി 25, 26, 27 തീയതികളിലായി പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തൃശൂർ ജില്ലാ ക്ഷീരസംഗമം 2024 സംഘടിപ്പിക്കുന്നു. ജനുവരി 27ന് രാവിലെ 10 ന് ചേലക്കര ശ്രീമൂലം തിരുനാൾ സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ദേവസ്വം, പട്ടികജാതി- പട്ടികവർഗ-പിന്നാക്കക്ഷേമ-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷനാകും. റവന്യൂ-ഭവനനിർമാണ മന്ത്രി കെ.രാജൻ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു ഡോ.ആർ.ബിന്ദു, രമ്യ ഹരിദാസ് എം.പി എന്നിവർ മുഖ്യാതിഥികളാവും.
ജനുവരി 25ന് എളനാട് ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദർശനം, ഗവ്യജാലകം നടത്തും. കറവപ്പശുക്കൾ, കിടാരികൾ, നാടൻ പശുക്കൾ, എരുമകൾ എന്നീ ഇനങ്ങളിൽ കന്നുകാലി പ്രദർശനവും സംഘടിപ്പിക്കുന്നു. വാക്സിനേഷൻ നടത്തിയ ഉരുക്കളെ മാത്രമാണ് പങ്കെടുപ്പിക്കുക. പ്രദർശന മത്സരത്തിന് എത്തുന്ന ഉരുക്കൾക്ക് സൗജന്യ കാലിത്തീറ്റയും വിതരണം ചെയ്യും. എളനാട് പോർക്കുളം കൺവെൻഷൻ സെന്ററിൽ ക്ഷീരസഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുളള ശില്പശാല, ഡയറി ക്വിസ്, നാട്ടിലെ ശാസ്ത്രം എന്ന വിഷയത്തിലധിഷ്ഠിതമായ മുഖാമുഖം പരിപാടി, ക്ഷീരകർഷകരുടെ സംവാദ പരിപാടിയായ ക്ഷീരകർഷക പാർലമെന്റ് എന്നിവയും നടക്കും.
ക്ഷീരമേഖലയുടെ പ്രാധാന്യം സ്കൂൾ വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിന് ജനുവരി 26ന് ചേലക്കര ശ്രീമൂലം തിരുനാൾ സ്കൂൾ ഹാളിൽ വിവിധ മത്സരങ്ങൾ (ഉപന്യാസം, ചിത്രരചന, ഡയറി ക്വിസ്, ബോധവത്കരണ ക്ലാസ്) സംഘടിപ്പിക്കും. വൈകിട്ട് നാലിന് സാസ്ക്കാരികഘോഷയാത്ര ക്ഷീരവ്യവസായ-വിപണന-വിജ്ഞാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളും അറിവുകളും പങ്കുവെയ്ക്കുന്ന 50-ഓളം സ്റ്റാളുകൾ ഒരുക്കിയ ഡയറി എക്സിബിഷൻ നടക്കും. വൈകിട്ട് ആറിന് സാംസ്കാരിക സായാഹ്നം സിനിമ സംവിധായിക ശ്രുതി ശരണ്യം ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ, പൈങ്കുളം നാരായണ ചാക്യാർ എന്നിവർ സാംസ്കാരിക സായാഹ്നത്തിൽ പങ്കെടുക്കും. വിവിധ പരിപാടികളിലായി ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, ക്ഷീരസഹകാരികൾ, ശാസ്ത്ര സാങ്കേതിക വിദഗ്ധർ എന്നിവർ സംബന്ധിക്കും.
ജില്ലയിലെ മികച്ച ക്ഷീര കർഷകനായി പുഴയ്ക്കൽ ബ്ലോക്കിൽ നിന്നുള്ള എൻ.ജി ഗോപാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ക്ഷീരകർഷകയായത് ചാലക്കുടി ബ്ലോക്കിലെ ലക്ഷ്മി ശിവദാസ് ആണ്. പട്ടികജാതി- പട്ടികവർഗ സംവരണ വിഭാഗത്തിലെ മികച്ച ക്ഷീരകർഷകയായി മതിലകം ബ്ലോക്കിലെ ബിന്ദു ഹരിദാസ്, മികച്ച തീറ്റപ്പുൽ കൃഷിത്തോട്ടം ഉടമയായി മാള ബ്ലോക്കിലെ ഹൈഡൻ ആന്റണി, യുവകർഷകനായി ഇരിഞ്ഞാലക്കുട ബ്ലോക്കിലെ മുരിയാട് ക്ഷീരസംഘത്തിലെ കൊല്ലം പറമ്പിൽ അഖിൽ ചന്ദ്രൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
2022-23 വർഷത്തിൽ ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിച്ച ക്ഷീരസംഘം പഴയന്നൂർ ബ്ലോക്കിലെ മായന്നൂർ ക്ഷീരസംഘമാണ്. ജില്ലയിലെ മികച്ച വ്യവസായ സംഘം ഒല്ലൂക്കര ബ്ലോക്കിലെ വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘമാണ്. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച മികച്ച ആപ്കോസ് സംഘമായി തിരഞ്ഞെടുത്തത് ഒല്ലൂക്കര ബ്ലോക്ക് മാന്ദാമംഗലം ക്ഷീര സംഘത്തെയാണ്. ജില്ലയിൽ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കി മികച്ച പ്രവർത്തന മികവ് കാഴ്ചവെച്ച മികച്ച ആപ്കോസ് സംഘമായി ഇരിങ്ങാലക്കുട ബ്ലോക്കിലെ ആനന്ദപുരം ക്ഷീരസംഘത്തെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.