- Trending Now:
തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. താനൂർ, തിരൂരങ്ങാടി നിയോജകണ്ഡലത്തിൽ നിന്നുള്ളവർക്ക് ഇന്നും വള്ളിക്കുന്ന്, തവനൂർ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവർക്ക് നാളെയുമാണ് സദസ്സുകൾ നടക്കുക. സംസ്ഥാന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പു മന്ത്രി സജി ചെറിയാൻ തീരസദസ്സുകൾ ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും തീരദേശ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ പൊന്നാനി, തിരൂർ മണ്ഡലങ്ങളിലെ തീരദേശ സദസ്സുകൾ നേരത്തെ സംഘടിപ്പിച്ചിരുന്നു. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രാദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
താനൂർ മണ്ഡലത്തിൽ നിന്നുള്ളവർക്കായി ഇന്ന് രാവിലെ 9.30 മുതൽ 11 വരെ താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ജനപ്രതിനിധികളുടെ ചർച്ചാവേദിയും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് തീരസദസ്സും നടക്കും. ചടങ്ങിൽ കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും.
തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ളവർക്ക് ഇന്ന് വൈകീട്ട് മൂന്ന് മുതൽ 4.30 വരെ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് വൈകീട്ട് ഏഴ് വരെ പരപ്പനങ്ങാടി കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ തീരസദസ്സും നടക്കും. ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളാവും.
വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്നുള്ളവർക്കായി നാളെ (ജൂലൈ 4) രാവിലെ 9.30 മുതൽ 11 വരെ ആനങ്ങാടി ശ്രീ ആർക്കേഡിൽ ജനപ്രതിനിധികളുടെ ചർച്ചാ വേദിയും തുടർന്ന് ഒരു മണി വരെ ആനങ്ങാടി ഡാസൽ അവന്യു ഓഡിറ്റോറിയത്തിൽ തീരസദസ്സും നടക്കും. ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ, ഡോ. അബ്ദുസ്സമദ് സമദാനി എം.പി എന്നിവർ മുഖ്യാതിഥികളാവും.
തവനൂർ മണ്ഡലത്തിലുള്ളവർക്കായി നാളെ വൈകീട്ട് മൂന്ന് മുതൽ 4.30 വരെ പടിഞ്ഞാറെക്കര സിറാജുൽ ഹുദ മദ്രസയിൽ ജനപ്രതിനിധികളുടെ ചർച്ചാവേദിയും തുടർന്ന് വൈകീട്ട് ഏഴ് വരെ പടിഞ്ഞാറെക്കര സീസോൺ റിസോർട്ടിൽ തീരസദസ്സും നടക്കും. ചടങ്ങിൽ ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.