- Trending Now:
ഭൂമിക്ക് കൃത്യമായ രേഖകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ റീ സർവെക്ക് കേരളത്തിൽ തുടക്കം കുറിച്ചത്
ഡിജിറ്റൽ റീ സർവെ നടക്കുമ്പോൾ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിലെ 11 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങൾ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സർക്കാർ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ റീ സർവെക്ക് കേരളത്തിൽ തുടക്കം കുറിച്ചത്. ജില്ലയിൽ നിലനിൽക്കുന്ന സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധേയമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഭൂവിഷയങ്ങളിൽ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാണ്.
പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികൾ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. അഞ്ചു തലങ്ങളിലായി രൂപീകരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അർഹരായ മുഴുവൻ പേർക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ജില്ലയിലെ 11 വില്ലേജ് ഓഫീസുകളാണ് ഇതോടെ സ്മാർട്ടായത്. ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ, കൽക്കുന്തൽ, പാറത്തോട്, കരുണാപുരം, ശാന്തൻപാറ, ഉടുമ്പൻചോല എന്നീ വില്ലേജ് ഓഫീസുകളും ദേവികുളം താലൂക്കിൽ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് ഓഫീസുകളും, പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജ് ഓഫീസുമാണ് നാടിന് സമർപ്പിച്ചത്.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തീകരിച്ചത്. ജില്ലയിൽ 68 വില്ലേജ് ഓഫീസുകളിൽ 30 വില്ലേജുകൾ ഇതോടെ സ്മാർട്ട് വില്ലേജ് ഓഫീസുകളായി. ആറെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വർഷം അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് കൂടി അനുമതിയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.