Sections

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് ഉറപ്പ് നല്‍കി മന്ത്രി

Tuesday, Nov 22, 2022
Reported By admin
kerala government

കേന്ദ്ര സർക്കാർ എഫ്.സി.ഐ മുഖേന അനുവദിക്കുന്ന ഒരു ക്വിന്റൽ അരിയ്ക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്

 

കേന്ദ്ര സർക്കാർ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ  വ്യക്തമാക്കി. റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശിപാർശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. തുക ഉടൻ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കും. ഈ സാഹചര്യത്തിൽ കടയടച്ച് സമരം നടത്താനുള്ള നീക്കത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.\

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് സർക്കാരിന് പ്രതിമാസം 15-16 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷൻ കൂടി കണക്കാക്കുമ്പോൾ പ്രതിമാസം 28-30 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി.

കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച പി.എം.ജി.കെ.വൈ ഭക്ഷ്യ ധാന്യവിതരണം തുടരുന്നതു സംബന്ധിച്ച അനിശ്ചിതത്വമുണ്ടായിരുന്നതിനാൽ 2022-23 വർഷവും തുടരുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞില്ല. ഒരു ക്വിന്റൽ ഭക്ഷ്യ ധാന്യവിതരണത്തിന് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാരിന് 239 രൂപ ചെലവാകുന്നു. എൻ.എഫ്.എസ്.എ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ ധാന്യവിതരണത്തിന് കമ്മീഷനായി ക്വിന്റലിന് 43.5 രൂപയും പി.എം.ജി.കെ.വൈ ഭക്ഷ്യ ധാന്യവിതരണത്തിന് ക്വിന്റലിന് 83 രൂപയും മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. എൻ.എഫ്.എസ്.എ പദ്ധതി പ്രകാരം ഒരു ക്വിന്റൽ ഭക്ഷ്യ ധാന്യ വിതരണത്തിന് കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ 195.50 രൂപ ചെലവഴിക്കുമ്പോൾ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ വിതരണത്തിന് കമ്മീഷനായി നൽകുന്നത് 156 രൂപയാണ്. എൻ.എഫ്.എസ്.എ പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 81 ശതമാനം ചെലവും പി.എം.ജി.കെ.വൈ പദ്ധതി അരി വിതരണത്തിന്റെ 65 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

കേന്ദ്ര സർക്കാർ എഫ്.സി.ഐ മുഖേന അനുവദിക്കുന്ന ഒരു ക്വിന്റൽ അരിയ്ക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാൽ കേരളത്തിൽ ഒരു ക്വിന്റൽ അരിയുടെ യഥാർത്ഥ ട്രാൻസ്പോർട്ടേഷൻ ചെലവ് 142 രൂപയാണ്.

കേന്ദ്ര സർക്കാർ എഫ്.സി.ഐ മുഖേന അനുവദിക്കുന്ന ഒരു ക്വിന്റൽ അരിയ്ക്ക് റേഷൻ വ്യാപാരി കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് 70 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്രം നൽകും. എന്നാൽ കേരളത്തിൽ ഒരുക്വിന്റൽ അരിയുടെ വിതരണത്തിനായി സംസ്ഥാന സർക്കാരിന് കമ്മീഷൻ ഇനത്തിൽ 239 രൂപ ചെലവാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.