Sections

ഇന്ത്യയുടെ പാലുല്‍പ്പാദന മേഖലയില്‍ മില്‍മ വഹിക്കുന്ന പങ്ക് വളരെ വലുത്; മന്ത്രി ബാലഗോപാല്‍

Sunday, Nov 27, 2022
Reported By admin
milk

പാലുത്പാദന രംഗത്ത് ആഗോളതലത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്

 

ഇന്ത്യയുടെ പാലുല്‍പ്പാദന മേഖലയിലും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലും മില്‍മ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരെ സംരക്ഷിക്കുന്ന ശക്തമായ ഒരു സഹകരണ പ്രസ്ഥാനം പാലുത്പാദന മേഖലയില്‍ ഉള്ളതാണ് കേരളത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി കിടപിടിക്കുന്ന രീതിയിലേക്ക് പാലുത്പന്നങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു.

വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ക്ഷീര ഗ്രാമം പദ്ധതി കേരളത്തില്‍ വിപുലമായി നടപ്പിലാക്കും. കേരളത്തില്‍ പുല്‍ക്കൃഷിക്ക് പ്രാധാന്യം നല്‍കുമെന്നും ചോളം കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരമുള്ള കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്ഷീര കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നില്ലെന്ന വിഷയം അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലുത്പാദന രംഗത്ത് ആഗോളതലത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ക്ഷീര കര്‍ഷക ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ക്ഷീര കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഡോ വര്‍ഗ്ഗീസ് കുര്യനെ മന്ത്രി സ്മരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.