Sections

മില്‍മയുടെ സമ്മാന കൂപ്പണ്‍ നേടാം; വിശദ വിവരങ്ങള്‍ ഇതാ | milmas gift coupon was released

Thursday, Jul 21, 2022
Reported By admin
milma

മില്‍മയുടെ പ്രീമിയം കാലിത്തീറ്റയായ മില്‍മ ഗോള്‍ഡിന്റെ വില്‍പന വര്‍ധനവ് കൂടിയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്


കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മില്‍മ ഗോള്‍ഡ് കാലിത്തീറ്റ സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കം. കാലിത്തീറ്റ വില വര്‍ധനയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂപ്പണ്‍ പുറത്തിറക്കി. 

ഒരു ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ സമ്മാന കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഉപയോഗിച്ച്, മില്‍മയുടെ ധാതുലവണ മിശ്രിതമായ മില്‍മാമിനും മറ്റ് പാലുല്‍പ്പന്നങ്ങളും വാങ്ങാം. ആലപ്പുഴയിലെ പട്ടണക്കാടും, പാലക്കാട് മലമ്പുഴ കാലിത്തീറ്റ ഫാക്ടറികളിലൂടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്‍മയുടെ പ്രീമിയം കാലിത്തീറ്റയായ മില്‍മ ഗോള്‍ഡിന്റെ വില്‍പന വര്‍ധനവ് കൂടിയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.

'പാലിന്റെ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനുള്ള കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്.' ക്ഷീരമേഖലയിലെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് കാലിത്തീറ്റ എത്തിക്കാനുള്ള നടപടികള്‍ യാഥാര്‍ഥ്യമായാല്‍ കുറഞ്ഞ ചെലവില്‍ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. സൈലജ് തീറ്റയുടെ പ്രധാന അസംസ്‌കൃതവസ്തുവായ ചോളം പാലക്കാട് മുതലമടയില്‍ കൃഷി ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. എല്ലാ ബ്ലോക്കുകള്‍ക്കും ആധുനിക സംവിധാനമുള്ള മൃഗസംരക്ഷണ ആംബുലന്‍സുകള്‍ ഉടന്‍ വിതരണം ചെയ്യും. തൈരിനും സംഭാരത്തിനും ലസ്സിക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതിലും 50,000 രൂപയിലധികം വരുമാനമുള്ള ക്ഷീരസംഘങ്ങള്‍ക്ക് വരുമാനനികുതി ഏര്‍പ്പെടുത്തിയതിലും കേന്ദ്രത്തെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ ഉണ്ടായ ജിഎസ്ടി വില വര്‍ധനവിലും മില്‍മ ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. പാല്‍ ഒഴികെ, തൈര്, മോര്, സംഭാരം എന്നിവയുടെ വിലയില്‍ രണ്ട് ദിവസം മുന്‍പ് 5 ശതമാനം വില കൂടിയിരുന്നു. വില കൂട്ടിയില്ലെങ്കില്‍ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന കണക്കിലാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ കമ്പനി തീരുമാനിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.