Sections

സഹകരണ മാർഗനിർദേശങ്ങളിൽ ഫെഡറേഷനുകളെയും മേഖലകളെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് മിൽമ എറണാകുളം യൂണിയൻ

Friday, Sep 20, 2024
Reported By Admin
Milma Ernakulam Chairperson MT Jayan discusses the 'Sahakar Se Samriddhi' scheme with central govern

കൊച്ചി: കേന്ദ്ര സർക്കാരിന്റെ 100 ദിന സംരംഭങ്ങളുടെ ഭാഗമായുള്ള 'സഹകാർ സെ സമൃദ്ധി' പദ്ധതി മാർഗനിർദ്ദേശങ്ങളിൽ സംസ്ഥാന ക്ഷീര സഹകരണ ഫെഡറേഷനുകളെയും പ്രധാന മേഖല യൂണിയനുകളെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് മിൽമ എറണാകുളം മേഖല യൂണിയൻ (ഇആർസിഎംപിയു). സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ സംരംഭങ്ങളെയും യൂണിയൻ അഭിനന്ദിച്ചു.

രണ്ട് ലക്ഷം പുതിയ എംപിഎസിഎസ് (മൾട്ടിപർപ്പസ് പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവുകൾ), പ്രാഥമിക ക്ഷീര/മത്സ്യ സഹകരണ സംഘങ്ങൾ എന്നിവ രൂപീകരിക്കുന്നതിനുള്ള മാർഗദർശിക രൂപീകരിക്കുന്നതോടെ ഈ സംരംഭം ഗ്രാമീണ മേഖലയിലെ വ്യവസായത്തെ പ്രചോദിപ്പിക്കുകയും കർഷകർക്ക് പ്രതീക്ഷ നൽകുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷായ്ക്ക് അയച്ച മെമ്മോറാണ്ടത്തിൽ ഇആർസിഎംപിയു ചൂണ്ടിക്കാട്ടി. ഫെഡറേഷനുകളുടെയും മേഖല യൂണിയനുകളുടെയും ശക്തമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സഹകരണ സമീപനം വിജയമാകുമെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. കർഷകരുമായുള്ള മികച്ച ഏകോപനവും ഇടപെടലും ഇതിലൂടെ സാധ്യമാകും. സഹകരണ മന്ത്രാലയത്തിന്റെ 100 ദിന സംരംഭ പരിപാടി സഹകരണ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്. ധവള വിപ്ലവം 2.0 ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാന ഫെഡറേഷനുകളെയും പ്രധാന പ്രാദേശിക യൂണിയനുകളെയും ഉൾപ്പെടുത്തണമെന്നും മെമ്മോറാണ്ടം അഭ്യർത്ഥിച്ചു.

പ്രാദേശിക യൂണിയനുകളെ ഉൾപ്പെടുത്തുന്നതിലൂടെ ചെറുകിട ക്ഷീരകർഷകർക്ക് പിന്തുണ നൽകി ഈ പരിപാടിയുടെ വ്യാപനവും സ്വാധീനവും രാജ്യത്തിന്റെ വിദൂര കോണുകളിലേക്കും വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുമെന്ന് ഇആർസിഎംപിയു ചെയർമാൻ എം.ടി. ജയൻ പറഞ്ഞു. ഈ നടപടി ക്ഷീരകർഷകർക്ക് സുസ്ഥിരമായ വളർച്ചയ്ക്കും നിലനിൽപ്പിനും വഴിയൊരുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന ഫെഡറേഷനുകൾ, പ്രാദേശിക യൂണിയനുകൾ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണത്തോടെ ഇന്ത്യയിലെ ക്ഷീരകർഷകരുടെ ശോഭനമായ ഭാവിക്കായി കൂട്ടായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംരംഭങ്ങൾക്ക് സംഭാവന നൽകാനും പിന്തുണയ്ക്കാനുമുള്ള ഇആർസിഎംപിയുടെ സന്നദ്ധതയും ചെയർമാൻ പ്രകടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.