- Trending Now:
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോർഡിന് (എൻഡിഡിബി) നന്ദി രേഖപ്പെടുത്തി മിൽമ.
ദുരന്തത്തിൻറെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത ആഘാതത്തെക്കുറിച്ചും മിൽമ ചെയർമാൻ കെ.എസ് മണി എൻഡിഡിബി ചെയർമാൻ മീനേഷ് സി ഷായെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കന്നുകാലികൾക്കായി ഒരു കോടി രൂപ വിലമതിക്കുന്ന 450 ടൺ സമീകൃത കാലിത്തീറ്റ മിശ്രിതവും 100 ടൺ സൈലേജും എൻഡിഡിബി അനുവദിച്ചു.
ദുരന്തം 7000-ത്തിലധികം കന്നുകാലികളെ ബാധിക്കുകയും 1000 ഹെക്ടറിലധികം മേച്ചിൽ പ്രദേശങ്ങൾ നശിക്കുകയും ചെയ്തു. പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം 20,000 ലിറ്ററിലധികം നഷ്ടമാണ് സംഭവിച്ചത്.
കേരളത്തിലെ മുൻനിര പാൽ ഉൽപ്പാദന മേഖലയായ വയനാടിൻറെ ക്ഷീരമേഖലയുടെ പുനരുദ്ധാരണത്തിന് എൻഡിഡിബിയുടെ പിന്തുണ മീനേഷ് സി ഷാ വാഗ്ദാനം ചെയ്തു. ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലും വളർച്ചയും സാധ്യമാക്കുന്നതിന് വയനാട്ടിലെ ക്ഷീരകർഷക സമൂഹത്തെ പിന്തുണയ്ക്കാൻ എൻഡിഡിബി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം മിൽമ ചെയർമാന് ഉറപ്പുനൽകി.
ക്ഷീരമേഖലയുടെ സുസ്ഥിരമായ വീണ്ടെടുക്കലിന് തുടർപിന്തുണയും എൻഡിഡിബി വാഗ്ദാനം ചെയ്തു. ദുരിതം സാരമായി ബാധിച്ച ക്ഷീരകർഷകർക്ക് മിൽമയുടെ മലബാർ മേഖല യൂണിയൻ വഴിയാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്തത്.
വയനാട്ടിലെ ക്ഷീരകർഷകർക്ക് സഹായവുമായി അതിവേഗം എത്തിയ എൻഡിഡിബിയുടെ പ്രവർത്തനത്തിന് മിൽമയും മലബാർ മേഖല യൂണിയനും നന്ദി അറിയിക്കുന്നതായി മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. എൻഡിഡിബിയുടെ സമയോചിതമായ സഹായം സുസ്ഥിരമായ ക്ഷീരോത്പാദന പ്രവർത്തനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമയും മൂന്നു മേഖലാ യൂണിയനുകളും ചേർന്ന് 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.