- Trending Now:
131.3 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ മിൽമ മലപ്പുറം ഡെയറിയുടെയും പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഡിസംബർ 24ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂർക്കനാട്ടെ മിൽമ ഡെയറി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മിൽമ ഡെയറി വൈറ്റ്നർ വിപണനോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
പദ്ധതികളുടെ തുടക്കകാലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവിനെ മന്ത്രി ബാലഗോപാലും അന്നത്തെ മിൽമ ചെയർമാനായിരുന്ന പി.ടി. ഗോപാലക്കുറുപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആദരിക്കും. ക്ഷീര കർഷകരുടെ മക്കൾക്കുള്ള ലാപ്ടോപ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും മലബാറിലെ മികച്ച യുവ ക്ഷീര കർഷകനുള്ള അവാർഡ് മഞ്ഞളാംകുഴി അലി എം.എൽ.എയും ക്ഷീര കർഷകക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും കൈമാറും. ക്ഷീര കർഷകരുടെ മക്കൾക്കുള്ള വെറ്ററിനറി ആൻഡ് ഡെയറി സയൻസ് പഠന സ്കോളർഷിപ്പ് വിതരണം ജില്ലാ കലക്ടർ വി.ആർ വിനോദ് നിർവഹിക്കും.
ക്ഷീര മേഖലയിൽ കേരളത്തിലെ സ്വകാര്യ-പൊതു സഹകരണ രംഗത്ത് നിർമാണം പൂർത്തിയാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്. 10 മെട്രിക് ടൺ ഉൽപാദന ശേഷിയുള്ളതാണ് ആധുനിക സംവിധാനങ്ങളോടും സുരക്ഷയോടും കൂടിയ പാൽപ്പൊടി നിർമാണ ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാൽ പ്രതിദിനം പൊടിയാക്കി മാറ്റാം. ലോകത്തെ പ്രമുഖരായ ടെട്രാപാക്ക് കമ്പനിയാണ് ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയത്.
'സ്വയംപര്യാപ്ത ക്ഷീര കേരളം സഹകണ മേഖലയിലൂടെ', 'മിഷൻ 2.0 മലപ്പുറം' വിഷയങ്ങളിൽ സെമിനാർ, ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നടത്തുന്ന ശിൽപശാല, മലപ്പുറത്തിന്റെ പൈതൃകം വിശകലനം ചെയ്യുന്ന 'മലപ്പുറം പെരുമ', പരമ്പരാഗത വ്യവസായ പ്രദർശനം, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, നാടൻ പശുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, ചിത്രരചന, സൗജന്യ മെഡിക്കൽ ക്യാമ്പ്, മ്യൂസിക് നൈറ്റ്, മ്യൂസിക് ബാൻഡ് എന്നിവ ഉദ്ഘാടനത്തിന് മുന്നോടിയായി 22,23,24 തീയതികളിൽ മൂർക്കനാട്ടെ ഡെയറി കാമ്പസിൽ നടക്കും.
വാർത്താ സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണി, മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.