- Trending Now:
തൃപ്പൂണിത്തുറ: ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബ് മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി എൻഡിഡിബി(നാഷണൽ ഡെയറി ഡെവലപ്മൻറ് ബോർഡ ചെയർമാൻ ഡോ. മീനേഷ് ഷായ്ക്ക കൈമാറി. മിൽമ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര ക്ഷീരവികസനമൃഗസംരക്ഷണവകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻറെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
എം ഡി ആസിഫ് കെ യൂസഫ്, മിൽമ എറണാകുളം യൂണിയൻ ചെയർമാൻ എം ടി ജയൻ, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ മിൽമയെന്ന ഒറ്റ ബ്രാൻഡിൻറെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു. ക്ഷീരോത്പന്നങ്ങളുടെ ഗുണമേന്മാ പരിശോധനമാത്രമല്ല, ഭാവിയിൽ സുഗന്ധവ്യജ്ഞനങ്ങളും, മറ്റ് ഭക്ഷ്യ വസ്തുക്കളും കാർഷിക വസ്തുക്കളും ഉൾപ്പെടുത്തി പരിശോധനാ ശേഷി വർധിപ്പിക്കാനും ഇടപ്പള്ളി ലബോറട്ടി ലക്ഷ്യമിടുന്നുണ്ട്.
കേരളത്തെ പേവിഷ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഡോ. ഷാ പറഞ്ഞു. തുടക്കമെന്ന നിലയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പദ്ധതി നടപ്പിലാക്കുന്നു. വരും ദിവസങ്ങളിൽ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലിൻറെ മൂല്യവർധിത ഉത്പന്നങ്ങളിൽ വ്യാപകമായി മിൽമ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ കെസിസിഎംഎംഎഫും, കാഫ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഏറെ നിർണായകമാണെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ഏറെ പുരസ്ക്കാരങ്ങൾ കേരളം നേടിയിട്ടുണ്ട്. ഗുണമേന്മയുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. പ്രതിദിനം നാല് ലിറ്റർ പാല് കൂടി ഉത്പാദനത്തിൽ കൂട്ടിച്ചേർക്കാനായാൽ രാജ്യത്ത് ഒന്നാമതെത്താനും ഏഴ് ലക്ഷം ലിറ്റർ പാൽ പുറത്ത് നിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കാനുമാകും.
കേന്ദ്ര സർക്കാരിൻറെ നാഷണൽ പ്രോഗ്രാം ഫോർ ഡയറി ഡെവലപ്പ്മെൻറ് പദ്ധതി പ്രകാരം കേന്ദ്രവിഹിതമായി അനുവദിച്ച എട്ട് കോടി രൂപ വിനിയോഗിച്ചാണ് എറണാകുളം ഇടപ്പള്ളി മിൽമയുടെ കീഴിൽ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി സ്ഥാപിച്ചത്. മിൽമ ഫെഡറേഷൻ എറണാകുളം ഇടപ്പള്ളിയിലെ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിൻറെ പ്രവർത്തനം ദേശീയ ക്ഷീരവികസന ബോർഡിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എൻഡിഡിബി കാഫ് ലിമിറ്റഡിന് കൈമാറി. പാൽ, പാൽ ഉൽപ്പന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ കർശനമായ ഗുണനിലവാര പരിശോധനയ്ക്കുതകുന്നതാണ് സെൻട്രൽ ലാബ്.
എൻസിഎല്ലിൻറെ നവീകരിച്ച ഇടപ്പള്ളി ലബോറട്ടറി ആനന്ദിൽ വികസിപ്പിച്ചെടുത്ത നൂതന പരിശോധനാ രീതികളാണ് നടപ്പാക്കുന്നത്. മികച്ച ഗുണനിലവാരവും കൃത്യമായ പരിശോധന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലാബിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും.
നാല് കോടി രൂപ മുതൽ മുടക്കിയാണ് മിൽമ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയിൽ വൻ നവീകരണം നടപ്പാക്കുന്നത്. പുതിയ എക്സ്ട്രൂഷൻ മെഷീനും കോൾഡ് സ്റ്റോറേജ് സൗകര്യവും ഉൾപ്പെടെയാണിത്. പ്രൊഡക്ട്സ് ഡെയറി പ്ലാൻറ് നവീകരണത്തിനായി വേണ്ട 3.75 കോടി രൂപയിൽ രണ്ട് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും, 1.75 കോടി രൂപ നൂനത ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കും. ഉയർന്ന നിലവാരമുള്ള പാലുൽപ്പന്നങ്ങൾക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ മിൽമ എറണാകുളം യൂണിയനെ പ്രാപ്തമാക്കുകയും പാലിൻറെ ആവശ്യകത വർദ്ധിപ്പിച്ച് പ്രാദേശികക്ഷീര കർഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.