Sections

നൂതന വിപണന രീതികൾ നടപ്പാക്കി നേട്ടമുണ്ടാക്കി മിൽമ

Friday, Jun 23, 2023
Reported By admin
milma

ഉപഭോക്താക്കൾക്കിടയിൽ മിൽമയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി


ഗുണനിലവാരം നിലനിർത്തിയും നൂതന വിപണന രീതികൾ ഫലപ്രദമായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയും വിപണിയിൽ നേട്ടമുണ്ടാക്കി മിൽമ. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള അഞ്ച് മാസത്തിൽ മിൽമയുടെ പ്രതിദിന ശരാശരി വിൽപ്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഇത് 15.95 ലക്ഷം ലിറ്റർ ആയിരുന്നു.

ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങൾ വരുത്തിയതുമാണ് വിൽപ്പനയിൽ മിൽമയ്ക്ക് ഗുണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉത്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള റീപൊസിഷനിംഗ് പദ്ധതി നടപ്പാക്കിയതിലൂടെ വിപണിയിൽ മികച്ച ഇടപെടൽ നടത്താൻ മിൽമയ്ക്കായി. ദേശീയ ക്ഷീരവികസന ബോർഡിൻറെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. റീപൊസിഷനിംഗിലൂടെ ഒരേ വിലയിലും അളവിലുമാണ് മിൽമ ഇപ്പോൾ പാൽ വിൽക്കുന്നത്. ഇത് ഉപഭോക്താക്കൾക്കിടയിൽ മിൽമയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി.

ഇക്കഴിഞ്ഞ ഏപ്രിലിൽ നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ സംസ്ഥാനത്തിൻറെ ഉൾപ്രദേശങ്ങളിൽ പോലും മിൽമ ഉത്പന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന രീതിയിൽ വിപണനശൃംഖല വികസിപ്പിക്കുവാനും ഗുണനിലവാരവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിച്ചു. 2021-22 ൽ മിൽമയുടെ മൊത്തം വിറ്റുവരവിൻറെ വർധനവ് 9 ശതമാനം ആയിരുന്നത് 2022-23 ൽ 12.5 ശതമാനം ആയി. ഇത് മിൽമയുടെ വിപണി നേട്ടത്തെയാണ് കാണിക്കുന്നത്. പാലുൽപ്പാദനവും വിപണനവും വർധിപ്പിക്കാനായതിനൊപ്പം സംഭരണത്തിലെ അപര്യാപ്തത കൂടി മറികടക്കാനാണ് മിൽമ ശ്രമിക്കുന്നത്. സർക്കാരിൻറെയും വിവിധ വകുപ്പുകളുടെയും ഇടപെടലിലൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി പുതിയ പദ്ധതികൾ നടപ്പാക്കാൻ മിൽമ ആലോചിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.