- Trending Now:
കനത്ത വേനലിൽ പശുക്കളിൽ പാൽ കുറഞ്ഞാൽ ക്ഷീരകർഷകർക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായിട്ടാണ് മിൽമ എത്തിയിരിക്കുന്നത്. പാലുല്പാദനത്തിൽ കുറവ് വരുന്നതു മൂലം ക്ഷീരകർഷകർക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഇൻഷുറൻസ് പദ്ധതി മിൽമ മലബാർ മേഖലയാണ് ആദ്യം നടപ്പാക്കുന്നത്. അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി(എ.ഐ.സി)യുമായി ചേർന്ന് എയിംസ് ഇൻഷുറൻസ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം പട്ടത്തെ മിൽമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ് മണിക്ക് എ.ഐ.സി റീജണൽ മാനേജർ വരുൺ പദ്ധതിയുടെ ധാരണാപത്രം കൈമാറി. അന്തരീക്ഷ താപനില തുടർച്ചയായി ആറു ദിവസമോ അതിൽ കൂടുതലോ നിശ്ചിത പരിധിക്കു പുറത്ത് വരികയാണെങ്കിൽ പശു, എരുമ എന്നിവയ്ക്ക് പദ്ധതിപ്രകാരം ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. പാലക്കാട്, വയനാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും കണ്ണൂർ, കാസർകോട് ജില്ലകളിൽ 34.5 ഡിഗ്രി സെൽഷ്യസും മലപ്പുറത്ത് 33.5 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 33 ഡിഗ്രി സെൽഷ്യസുമാണ് താപനിലയുടെ പരിധി. ഇതിൽ കൂടുതൽ താപനില തുടർച്ചയായി രേഖപ്പെടുത്തിയാലാണ് ധനസഹായം ലഭിക്കുക.
കർഷകർക്ക് അതത് ക്ഷീരസംഘങ്ങൾ വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ആനുകൂല്യത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അതത് പ്രദേശത്തെ താപനില സാറ്റലൈറ്റ് വഴി ശേഖരിച്ചാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നൽകുക. ആറു ദിവസത്തിൽ കൂടുതൽ താപനില ഉയർന്നാൽ 140 രൂപയും എട്ടു ദിവസത്തിൽ കൂടുതലായാൽ 440 രൂപയും 10 ദിവസത്തിൽ കൂടുതലായാൽ 900 രൂപയും 25 ദിവസത്തിൽ കൂടുതലായാൽ 2000 രൂപയുമാണ് ധനസഹായം ലഭിക്കുക.
കാലാവസ്ഥാ വ്യതിയാനവും ഉയർന്ന താപനിലയും കാരണം പാലുല്പാദനം കുറയുന്നത് ക്ഷീരകർഷകരെ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായേക്കാവുന്ന ഈ പദ്ധതി മികച്ച ആശയമാണെന്നും കെ.എസ് മണി പറഞ്ഞു. പദ്ധതി ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്നതിൻറെ അടിസ്ഥാനത്തിൽ അടുത്ത വേനൽക്കാലത്ത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.