Sections

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ഡെയറിയാകാൻ എറണാകുളം മിൽമ

Wednesday, Nov 06, 2024
Reported By Admin
Milma Ernakulam's fully on-grid solar-powered dairy plant in Kerala

രണ്ട് മെഗാവാട്ട് സൗരോർജ്ജ പാനൽ പദ്ധതി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും


കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ്ജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം(മിൽമ) മാറുന്നു. മിൽമ എറണാകുളം യൂണിയൻറെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ്ജ പ്ലാൻറ് നവംബർ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ നാടിന് സമർപ്പിക്കും.

മിൽമയുടെ പ്രൊഡക്ട്സ് ഡെയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം അന്നേദിവസം സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിൻറെ താക്കോൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് ഷായ്ക്ക ്കൈമാറും.

ഇന്ത്യൻ ക്ഷീര വ്യവസായ രംഗത്ത് ഹരിത ഊർജജത്തോടും പാരിസ്ഥിതിക പരിപാലനത്തോടുമുള്ള ശക്തമായ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഓൺഗ്രിഡ് സൗരോർജ്ജ ഡെയറിയായി മിൽമ തൃപ്പൂണിത്തുറ ഡെയറി മാറുന്നത്. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്. ഡയറി പ്രോസസിംഗ് ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് സ്കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയൻറെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

വ്യത്യസ്ത രീതിയിലുള്ള സോളാർ മോഡലുകൾ ആണ് ഈ പദ്ധതിയ്ക്കായി തയ്യാറാക്കിയിരിക്കുന്നതെന്ന് മിൽമ എറണാകുളം യൂണിയൻ ചെയർമാൻ എം ടി ജയൻ ചൂണ്ടിക്കാട്ടി. ഡെയറി കോമ്പൗണ്ടിലെ തടാകത്തിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ളോട്ടിംഗ് സോളാർ പാനലുകൾ, കാർപോർച്ച് മാതൃകയിൽ സജീകരിച്ച 102 കിലോ വാട്ട് സോളാർ പാനലുകൾ, ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാർ പാനലുകൾ എന്നീ രീതിയിലാണ് സോളാർ പ്ലാൻറ് ക്രമീകരണം. സോളാർ സാങ്കേതിക വിദ്യയിലെ ഏറ്റവും ആധുനികമായ ഈ മാതൃക പാരിസ്ഥിതിക, സാങ്കേതിക രംഗത്ത് ആകർഷകമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

മിൽമയുടെ സരോർജ്ജ നിലയം പ്രതിവർഷം 2.9 ദശലക്ഷം യൂണിറ്റുകൾ (ജിഡബ്ല്യുഎച്) ഹരിതോർജ്ജം ഉൽപ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവർഷം 1.94 കോടി രൂപ ഊർജ്ജ ചെലവ് ഇനത്തിൽ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാൻറ് വഴി ഓരോ വർഷവും ഏകദേശം 2,400 മെട്രിക് ടൺ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ~ഒരുലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണ്. പകൽ സമയങ്ങളിൽ ഡെയറിയുടെ മുഴുൻ ഊർജ്ജ ആവശ്യകതയും നിറവേറ്റുകയും ഡിസ്കോമിൻറെ കൈവശമുള്ള മിച്ച ഊർജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു ഇത് മിൽമ എറണാകുളം ഡെയറിയെ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡെയറിയാക്കി മാറ്റുമെന്നും എം ടി ജയൻ പറഞ്ഞു.

അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി , കേരള സർക്കാർ) ആണ് പ്രൊജക്ടിൻറെ സാങ്കേതിക മേൽ നോട്ടം വഹിച്ചത്. കെ.സി കോപർ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സോളാർ പാനലുകൾ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിർവഹിക്കുകയും ചെയ്തു. ഊർജ്ജ മന്ത്രാലയം അംഗീകരിച്ച പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഘടകങ്ങൾ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപിച്ചിരിക്കുന്നു. സൗരോർജ്ജ നിലയത്തിൻറെ പ്രധാന ഘടകങ്ങളിൽ ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെർക് ഹാഫ് കട്ട് മൊഡ്യൂളുകൾ, ഓസ്ട്രിയയിൽ നിന്നുള്ള ഫ്രോണിയസ് ഇൻവെർട്ടറുകൾ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകൾ), മണിക്കൂറിൽ 150 കിലോമീറ്റർ വരെ കാറ്റിന് പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്ത ഗാൽവനൈസ്ഡ് അയൺ മൗണ്ടിംഗ് ഘടനകൾ എന്നിവ ഉൾപ്പെടുന്നു. തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സ്കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

എറണാകുളം മിൽമ സൗരോർജ്ജ് പ്ലാൻറ് ഒറ്റ നോട്ടത്തിൽ

  • മൊത്തം ശേഷി: രണ്ട് മെഗാവാട്ട്
  • ഗ്രൗണ്ട് (1.89 മെഗാവാട്ട്)
  • എലിവേറ്റഡ് സോളാർ (10.26കിലോവാട്ട്)
  • ഫ്ളോട്ടിംഗ് സോളാർ (8.1 കിലോവാട്ട്)
  • പ്രൊജക്ട് ഏരിയ : 4.7 ഏക്കർ
  • പ്രതിവർഷംമൊത്തം ഉൽപ്പാദനം: 2.9 ദശലക്ഷം യൂണിറ്റ്
  • കണക്കാക്കുന്ന സേവിംങ്സ്: പ്രതിവർഷം 1.94 കോടി രൂപ
  • കാർബഡൈ ഓക്സൈഡ്: ഒരു ലക്ഷം മരങ്ങൾ നടുന്നതിന് തുല്യമായ 2,400 മെട്രിക് ടൺ
  • ആകെ സോളാർ പാനലുകൾ: 3704
  • ഇൻസ്റ്റാൾ ചെയ്ത മൊത്തം ഇൻവെട്ടർ: 16 (100 കിലോവാട്ട് വീതം)
  • ധനസഹായം: കേന്ദ്ര സർക്കാരിൻറെ ഡയറി പ്രോസസിംഗ് ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് ഫണ്ട് (16 കോടി രൂപ), മേഖലായൂണിയൻ - 6.8 കോടി രൂപ
  • മൊത്തം നിക്ഷേപം: 16 കോടി രൂപ

മിൽമ ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയുടെ നവീകരണം

നാല് കോടി രൂപ മുതൽ മുടക്കി മിൽമ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയിൽ വൻ നവീകരണം നടപ്പാക്കുന്നു. പുതിയ എക്സ്ട്രൂഷൻ മെഷീനും കോൾഡ് സ്റ്റോറേജ് സൗകര്യവും ഉൾപ്പെടെയാണിത്. പ്രൊഡക്ട്സ് ഡെയറി പ്ലാൻറ് നവീകരണത്തിനായി വേണ്ട 3.75 കോടി രൂപയിൽ രണ്ട് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും, 1.75 കോടി രൂപ നൂനത ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കും. ഉയർന്ന നിലവാരമുള്ള പാലുൽപ്പന്നങ്ങൾക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ മിൽമ എറണാകുളം യൂണിയനെ പ്രാപ്തമാക്കുകയും പാലിൻറെ ആവശ്യകത വർദ്ധിപ്പിച്ച് പ്രാദേശികക്ഷീര കർഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബ്

കേന്ദ്ര സർക്കാരിൻറെ നാഷണൽ പ്രോഗ്രാം ഫോർ ഡയറി ഡെവലപ്പ്മെൻറ് പദ്ധതി പ്രകാരം കേന്ദ്രവിഹിതമായി അനുവദിച്ച എട്ട് കോടി രൂപ വിനിയോഗിച്ച് എറണാകുളം ഇടപ്പള്ളി മിൽമയുടെ കീഴിൽ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി സ്ഥാപിച്ചു. മിൽമ ഫെഡറേഷൻ എറണാകുളം ഇടപ്പള്ളിയിലെ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിൻറെ പ്രവർത്തനം ദേശീയ ക്ഷീരവികസന ബോർഡിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എൻഡിഡിബി കാഫ് ലിമിറ്റഡിന് കൈമാറും. പാൽ, പാൽ ഉൽപ്പന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ കർശനമായ ഗുണനിലവാര പരിശോധനയ്ക്കുതകുന്നതാണ് സെൻട്രൽ ലാബ്.

എൻസിഎല്ലിൻറെ നവീകരിച്ച ഇടപ്പള്ളി ലബോറട്ടറി ആനന്ദിൽ വികസിപ്പിച്ചെടുത്ത നൂതന പരിശോധനാ രീതികളാണ് നടപ്പാക്കുന്നത്. മികച്ച ഗുണനിലവാരവും കൃത്യമായ പരിശോധന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലാബിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും.

പാലിൻറെ മൂല്യവർധിത ഉത്പന്നങ്ങളിൽ വ്യാപകമായി മിൽമ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ കെസിസിഎംഎംഎഫും, കാഫ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഏറെ നിർണായകമാണ്. പാലും പാലുൽപ്പന്നങ്ങൾക്കുമപ്പുറം സുഗന്ധവ്യജ്ഞനങ്ങളും, മറ്റ് ഭക്ഷ്യ വസ്തുക്കളും കാർഷിക വസ്തുക്കളും ഉൾപ്പെടുത്തി പരിശോധനാ ശേഷി വർധിപ്പിക്കാനും ഇടപ്പള്ളി ലബോറട്ടി ലക്ഷ്യമിടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.