- Trending Now:
അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി കൊച്ചി എഫ്.എം, കുടുംബശ്രീ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റ് ഇന്ന് (നവംബർ 29) ആരംഭിക്കും.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച (നവംബർ 30) രാവിലെ 9.30 ന് തൃക്കാക്കര മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയാകും.
പ്രദർശനമേളയുടെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് (നവംബർ 29) മുതൽ വെള്ളിയാഴ്ച്ച (ഡിസംബർ 1) വരെ വിപുലമായ കലാസാംസ്കാരിക പരിപാടികളോടെയാണ് പ്രദർശന വിപണനമേള നടക്കുന്നത്. ബുധനാഴ്ച്ച രാവിലെ 10:30ന് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചെറു ധാന്യങ്ങൾ - പ്രസക്തിയും സാധ്യതകളും എന്ന വിഷയത്തിൽ കെ.വി.കെ പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ. കെ.വി സുമയ്യ അവതരണം നടത്തും. തുടർന്ന് അട്ടപ്പാടി ചെറുധാന്യ എഫ്.പി.ഒ, ചിന്നാർ ചെറുധാന്യ കർഷക കൂട്ടായ്മ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. വൈകിട്ട് നാലു മുതൽ തൃക്കാക്കര മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ അട്ടപ്പാടി ആദിവാസി കലാ സംഘത്തിന്റെ ഗോത്ര ഗീതവും വൈകിട്ട് ആറുമുതൽ ശിവരഞ്ജിനി പറവൂർ അവതരിപ്പിക്കുന്ന കൈകൊട്ടികളിയും അരങ്ങേറും.
രണ്ടാം ദിവസം രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കാർഷിക പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും. തുടർന്ന് മാജിക് ഷോ, മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം എന്നിവ നടക്കും. തുടർന്ന് കോട്ടുവള്ളി കൃഷിഭവൻ ടീം, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ സൗഹൃദയ സോഷ്യൽ വെൽഫയർ സെന്റർ, മില്ലറ്റ് സംരംഭക ബിന്ദു ഗൗരി തുടങ്ങിയവർ ചെറു ധാന്യ കൃഷിയിലെ അനുഭവങ്ങൾ പങ്കുവയ്ക്കും. വൈകിട്ട് ആറു മുതൽ മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ നഞ്ചിയമ്മ നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.
മൂന്നാം ദിവസം ഡിസംബർ ഒന്നിന് രാവിലെ കമ്മ്യൂണിറ്റി ഹാളിൽ വനിതകൾക്കായി മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം നടക്കും. തുടർന്ന് കാന്തല്ലൂർ ചെറുധാന്യ കർഷക കൂട്ടായ്മ, മില്ലറ്റ് സംരംഭക പരിശീലക മിനി, കോട്ടുവള്ളിയിൽ നിന്നുള്ള ചെറുധാന്യ കർഷകൻ കൃഷ്ണൻ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മില്ലറ്റും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. മുംതാസ് അവതരണം നടത്തും. വൈകിട്ട് നാലു മുതൽ സമാപന സമ്മേളനം നടക്കും.
നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്തിരുന്നതും പോഷക ഗുണങ്ങളാൽ സമൃദ്ധമായ ചെറു ധാന്യങ്ങളെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.