Sections

നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകള്‍

Friday, Oct 28, 2022
Reported By MANU KILIMANOOR

കൈകാര്യച്ചെലവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കും

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായി നടത്തിയ ചര്‍ച്ചയില്‍ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സപ്ലൈകോയുമായി കരാറിലേര്‍പ്പെടാനും നെല്ലുസംഭരണത്തില്‍ സഹകരിക്കാനും തീരുമാനമായി. മില്ലുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി.ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മില്‍ അലോട്ട്മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ചില കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സര്‍ക്കാരിന് അരിയാക്കി തിരികെ നല്‍കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാവാതെ മാറിനില്‍ക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു.

നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്രസര്‍ക്കാര്‍ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റല്‍ നെല്ല് പ്രോസസ്സ് ചെയ്യുമ്പോള്‍ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഇപ്രകാരം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി 68 ശതമാനം ഔട്ട് ടേണ്‍ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിര്‍ത്തണമെന്നതായിരുന്നു മില്ലുടമകളുടെ മുഖ്യ ആവശ്യം.

മില്ലുടമകള്‍ക്ക് സപ്ലൈകോ കൈകാര്യചെലവിനത്തില്‍ ക്വിന്റലിന് 214 രൂപ എന്ന നിരക്കില്‍ നല്‍കുന്ന തുകയുടെ മേല്‍ പൂര്‍ണ്ണമായും അഞ്ച് ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെട്ടിരുന്നു.പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവെച്ച നെല്ല് നശിച്ചുപോയതിനാല്‍ സപ്ലൈകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസ്സിംഗ് ചാര്‍ജ്ജിനത്തില്‍ നല്‍കേണ്ട 15.37 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി അനുവദിച്ചുനല്‍കണമെന്നും കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ എന്നതില്‍ നിന്ന് 286 രൂപയായി ഉയര്‍ത്തണമെന്നും മില്ലുടമകള്‍ ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ മന്ത്രിതലത്തില്‍ തന്നെ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. നാല് മില്ലുകള്‍ മാത്രമാണ് നെല്ലുസംഭരണത്തില്‍ സപ്ലൈകോയുമായി സഹകരിച്ച് കരാറൊപ്പിട്ടത്. ഈ മില്ലുകള്‍ക്കായി ഇതിനോടകം 45655.87 മെട്രിക് ടണ്‍ സംഭരണത്തിനായി അലോട്ട് ചെയ്യുകയും 7047 മെട്രിക് ടണ്‍ സംഭരിക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എറണാകുളത്താണ് മില്ലുടമ സംഘടനയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഉന്നയിച്ച വിഷയങ്ങളില്‍ ഒരു മാസത്തില്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്ക് (2023 ജനുവരി 31 വരെ) നെല്ലു സംഭരിക്കാനുള്ള കരാറാണ് മില്ലുടമകള്‍ സപ്ലൈകോയുമായി ഒപ്പിടുക. ഔട്ട് ടേണ്‍ റേഷ്യോ 64.5 ശതമാനം തന്നെയായി നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നും കോടതിയുടെ ഉത്തരവിനെ തിരുത്തുന്നതിന് ആവശ്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കൈകാര്യച്ചെലവിന് പൂര്‍ണ്ണമായി ജി.എസ്.ടി. ചുമത്തുന്നതിന് കേരളസര്‍ക്കാര്‍ എതിരാണ്. ഈ കാര്യം ധനകാര്യമന്ത്രി വഴി ജി.എസ്.ടി. കൗണ്‍സിലില്‍ ഉന്നയിച്ചു മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കും. പ്രോസസ്സിംഗ് ചാര്‍ജ്ജിനത്തില്‍ സപ്ലൈകോയില്‍നിന്ന് ലഭിക്കണമെന്ന് മില്ലുടമകള്‍ ആവശ്യപ്പെടുന്ന തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ അതിന്റെ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അടിയന്തിരമായി വിളിച്ചു ചേര്‍ക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.കൈകാര്യച്ചെലവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും.സംസ്ഥാനത്തെ 54 മില്ലുകള്‍ കൂടി വെള്ളിയാഴ്ച മുതല്‍ നെല്ലുസംഭരണം ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് വലിയ തോതില്‍ ആശ്വാസമാകും. കര്‍ഷകതാല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്‍ നേതാക്കളായ കെ.കെ. കര്‍ണ്ണന്‍, വര്‍ക്കി പീറ്റര്‍, പവിഴം ആന്റണി എന്നിവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.