Sections

വേതനം വൈകിയാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും

Monday, Nov 14, 2022
Reported By admin
mgnrega

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്

 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15ദിവസം കൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്റെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യപൂര്‍ണവും നൂതനവുമായ പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്ക് ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയിലാണ് കേരളം. ആ മികവ് തുടരാന്‍ പുതിയ നടപടിയും സഹായകരമാകും.

ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ വിവരം സമര്‍പ്പിക്കണം. പരിശോധന ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുള്ളില്‍ നടത്തും. ആറ് ദിവസത്തിനുള്ളില്‍ വേതന പട്ടിക അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. 

MGNREGA മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സമയത്തിന് വേതനം നല്‍കുകയും വെബ്സൈറ്റില്‍ ചേര്‍ക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.