- Trending Now:
സ്ത്രീകളുടെ സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ആണ് നെറ്റ് പ്ലാൻ തയ്യാറാക്കിയത്
മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള സ്ത്രീകളുടെ കൂട്ടായ മുന്നേറ്റമാണ് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് നെറ്റ് പ്ലാൻ തയ്യാറാക്കുന്നത് വഴി നടക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ചേർന്ന് തയ്യാറാക്കിയ നെറ്റ് പ്ലാനിന്റെ സംസ്ഥാനതല ഉദ്ഘാടനം വരവൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
41 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ആണ് നെറ്റ് പ്ലാൻ തയ്യാറാക്കിയത്. മണ്ണിനെയും കൃഷിയെയും സംരക്ഷിക്കുകയാണ് നെറ്റ് പ്ലാനിന്റെ ലക്ഷ്യം. കൃഷി, ജലസേചന, മൃഗ ക്ഷേമ വകുപ്പുകളുമായി ചേർന്നാണ് നെറ്റ് പ്ലാൻ സമഗ്രമായി തയ്യാറാക്കുന്നത്. പ്ലാനിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം. പ്രകൃതിയെ സംരക്ഷിച്ച് കാലാവസ്ഥ വ്യതിയാനം നേരിടേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിൽ ഉള്ള സർവേ നമ്പറിൽ നടത്തേണ്ട പരിപാലന പ്രവർത്തികൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് നെറ്റ് പ്ലാൻ. ജില്ലാ ആസൂത്രണ സമിതി കിലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയ നെറ്റ് പ്ലാനിന്റെ പ്രകാശനമാണ് വരവൂർ ഗ്രാമ പഞ്ചായത്തിൽ നടന്നത്.
കേവലമൊരു തൊഴിൽദാന പദ്ധതിയിൽ നിന്ന് മാറി പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥ മാറ്റത്തിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയേയും മറ്റു വകുപ്പുകളെയും സർഗാത്മകമായി പ്രയോജനപ്പെടുത്തുകയാണ് നെറ്റ് പ്ലാൻ ലക്ഷ്യം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരുവാനും ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന അടിത്തറക്ക് ശക്തി പകരാനും ഇതുവഴി സാധിക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ 16 പഞ്ചായത്തുകളിലും പിന്നീട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.