Sections

ഗവേഷണത്തിലൂടെ വ്യവസായത്തിലേക്ക് വിജയക്കാഴ്ച്ചകളൊരുക്കി എം.ജി. സർവകലാശാല

Sunday, Nov 05, 2023
Reported By Admin
MG University

കൈതച്ചെടിയുടെ ഇലയിൽനിന്നു തുണിത്തരങ്ങൾ നിർമിക്കാനുപയോഗിക്കുന്ന നൂൽ, പഴത്തൊലിയിൽനിന്നു  പോഷകഗുണമുള്ള ഭക്ഷണം, ചകിരി നാരിൽനിന്നു മുറിവുണക്കാൻ സഹായകമായ ആവരണം, സംസാരശേഷിയില്ലാത്തവർക്കായി സംസാരിക്കുന്ന കൈയുറ...  പഠന, ഗവേഷണപ്രവർത്തനങ്ങളിലെ കണ്ടെത്തലുകൾ സമൂഹത്തിന് ഗുണകരമായ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചതിന്റെ ചില ഉദാഹരണങ്ങളാണിവ.

കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്റ്റാളിൽ ഇത്തരം നിരവധി വിജയകഥകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന പുതിയ കാലത്ത്, ഗവേഷണങ്ങൾ സമൂഹത്തിനും ഗവേഷകർക്കും ഭാവി ജീവിതത്തിൽ പ്രയോജനപ്രദമാകുന്നതെങ്ങനെയെന്ന് ഇവിടെ കണ്ടറിയാനാകും.

സംസ്ഥാന സ്റ്റാർട്ടപ്പ് മിഷൻ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ റിസർച്ച് ഇൻകുബേഷൻ പ്രോഗാമിന്റെ ഭാഗമായി ഒൻപതു മാസത്തിനിടെ 24 ഗവേഷണ പദ്ധതികൾ പൂർത്തീകരിച്ചു. ഇതിൽ പത്തു ഗവേഷണ ഫലങ്ങളെ അടിസ്ഥാനമാക്കി സ്റ്റാർട്ടപ്പുകൾ തുടങ്ങി. ആറു സ്റ്റാർട്ടപ്പുകളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. എട്ടെണ്ണം വ്യവസായ മേഖലയ്ക്ക് കൈമാറും. ഇവയിൽ ആറു കണ്ടുപിടുത്തങ്ങൾ പേറ്റന്റിനായി സമർപ്പിച്ചിട്ടുണ്ട്.

വിളവെടുപ്പിനുശേഷം ഉപേക്ഷിക്കുന്ന കൈതച്ചെടിയുടെ ഇല സംസ്‌കരിച്ച് നൂലും പിന്നീട് ഷർട്ടുമായി മാറുന്നതുവരെയുള്ള അഞ്ചു ഘട്ടങ്ങളിലെ അവസ്ഥ ഇവിടെ കാണാം. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ വർഷം സംഘടിപ്പിച്ച നാഷണൽ റിസർച്ച് ഇന്നവേഷൻ ചലഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷകനായിരുന്ന സീക്കോ ജോസിന്റേതാണ് ഈ കണ്ടുപിടുത്തം.

അലങ്കാരത്തിന് ഉപയോഗിക്കുന്ന പൂക്കൾ കൂടുതൽ ദിവസം കേടാകാതിരിക്കാൻ സഹായിക്കുന്ന നാനോ ടെക്നോളജി അധിഷ്ഠിത ദ്രാവകമായ സിൻഫ്ളോറ ഇന്ത്യൻ വിപണിയിൽ ഇത്തരത്തിലുള്ള ആദ്യ ഉത്പന്നമാണ്. ഡ്രൈവിംഗിനിടെയുണ്ടാകുന്ന ക്ഷീണം, ഉറക്കം തുടങ്ങിയവ അപകടത്തിനു കാരണമാകുന്നത് ഒഴിവാക്കാൻ ഉപകരിക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിന്റെ മാതൃകയും ഇവിടെയുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിലെ സെൻസർ കാമറ ഡ്രൈവറുടെ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് സന്ദേശം നൽകും. മുന്നറിയിപ്പിനോട് ഡ്രൈവർ പ്രതികരിച്ചില്ലെങ്കിൽ വാഹനം നിർത്തുന്നതിനും സംവിധാനമുണ്ട്.

ജോലിക്കുവേണ്ടി പഠിക്കുക എന്നതിനപ്പുറം ഗവേഷണ കുതുകികളായ വിദ്യാർഥികളെ അതിരുകളില്ലാത്ത അവസരങ്ങളുടെ ലോകം കാത്തിരിക്കുന്നുണ്ടെന്ന്  വ്യക്തമാക്കുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ ഡയറക്ടർ ഡോ. ഇ.കെ രാധാകൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.