- Trending Now:
വ്യത്യസ്ത സംരംഭകരുടെ വൈവിധ്യം നിറഞ്ഞ ഉൽപ്പന്നങ്ങളുമായി കേരള വനിതാ വികസന കോർപ്പറേഷൻ ബീച്ചിൽ ഒരുക്കിയ എസ്കലേറ മെഗാ പ്രദർശന വിപണന മേള ശ്രദ്ധേയമാകുന്നു. വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, പായസം, അരിപ്പൊടി, വിവിധ കറി പൊടികൾ, ബേക്കറി ഇനങ്ങൾ, റെഡിമെയ്ഡ്, ഖാദി-കൈത്തറി തുണിത്തരങ്ങൾ, ചുരിദാറുകൾ, ബെഡ്ഷീറ്റുകൾ, തോർത്ത് മുണ്ടുകൾ,ചെരുപ്പുകൾ, സാരികൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, അമ്പും വില്ലും, മാലകൾ, വളകൾ, കളിമൺ ഉൽപ്പന്നങ്ങൾ, ശുദ്ധമായ തേൻ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഹോംമെയ്ഡ് സോപ്പുകൾ, അലക്ക് പൊടികൾ, മറയൂർ ശർക്കര, തുടങ്ങി വിവിധ ഉൽപ്പന്നങ്ങളും സംരംഭം തുടങ്ങാൻ ആവശ്യമായ വിവരങ്ങളും മറ്റും അറിയാൻ സാധിക്കുന്ന സ്റ്റാളുകളും ഉൾപ്പെട്ടതാണ് പ്രദർശന മേള.
കോഴിക്കോട് ബീച്ചിൽ ശീതികരിച്ച സംവിധാനമുള്ള വിശാലമായ പന്തലിലാണ് ഇരുനൂറോളം വനിതാ സംരംഭകരെ അണിനിരത്തി വനിത വികസന കോർപ്പറേഷൻ 'എസ്കലേറ' സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ വികസന കോർപ്പറേഷന്റെ മാത്രം പിന്തുണയോടെ 113 സംരംഭങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നും 12 സംരംഭങ്ങളുണ്ട്. കൂടാതെ കുടുംബശ്രീയുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ സ്ഥാപനങ്ങളും മേളയിൽ പങ്കാളികളാണ്. രുചി വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടും മേളയുടെ ആകർഷണമാണ്.
വനിതാ വികസന കോർപ്പറേഷൻ വനിതകൾക്ക് വേണ്ടി ഈ വർഷം മുതൽ ആരംഭിക്കുന്ന പ്രൊജക്റ്റ് കൺസൾട്ടൻസി പദ്ധതിയുടെ തുടക്കമായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി മേള സംഘടിപ്പിച്ചത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അതിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കൈത്താങ്ങാവുകയുമാണ് പ്രൊജക്ട് കൺസൾട്ടൻസി വഴി കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പ്രദർശനത്തിന് പുറമെ മാലിന്യ സംസ്കരണ രംഗത്തെ തൊഴിൽ സാധ്യതകൾ, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ സെമിനാറുകളും നടക്കും. മേളയുടെ ഉദ്ഘാടനം ബീച്ചിലെ വേദിയിൽ ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തുടർന്ന് മന്ത്രമാരായ വീണാ ജോർജ്, എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.
മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ആഗസ്റ്റ് 22 ന് പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തിൽ ആറ് മണി മുതൽ മെഹ്ഫിൽ അരങ്ങേറും. ആഗസ്റ്റ് 23 ന് വൈകിട്ട് ആറു മുതൽ ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന തുടിതാളം കലാ അരങ്ങും അവതരിപ്പിക്കും. 24 ന് വൈകിട്ട് ആറു മുതൽ ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോൽക്കളി എന്നിവയും 25 ന് വൈകിട്ട് ആറു മുതൽ ഡി ടി പി സി യുടെ റെസിഡൻഷ്യൽ കലാമേളയുമുണ്ടാകും. സമാപന ദിവസമായ 26 ന് വൈകിട്ട് ആറര മുതൽ ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവ താരങ്ങൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഷോയും അരങ്ങേറും. പ്രദർശന മേള ആഗസ്റ്റ് 26ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.