Sections

ഫുട്ബോൾ വിപണിയിലും കുതിച്ച് പാഞ്ഞ് എംബപ്പെ 

Thursday, Dec 22, 2022
Reported By admin
football

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയാണ് മെസ്സിയും എംബപ്പെയും കളിക്കുന്നത്



ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉദ്വേഗജനകമായ ഫൈനൽ മൽസരത്തിന് തിരശീല വീണപ്പോൾ കിലിയൻ എംബപ്പെയെന്ന 24കാരനെ കുറിച്ച് പ്രചരിച്ചത് നിരവധി വിശേഷണങ്ങളാണ്. ഫൈനലിലെ ആദ്യഭാഗങ്ങളിൽ ഫ്രഞ്ച് ഗോൾവല കുലുക്കി ആധിപത്യം സ്ഥാപിച്ച് കപ്പുറപ്പിച്ചിരുന്നു മെസ്സിപ്പട. എന്നാൽ മൂന്ന് ഗോളടിച്ച് അസംഭവ്യമെന്ന് തോന്നിക്കുംവിധം ഫുട്ബോളിന്റെ മിശിഹയിൽ നിന്ന് ഫ്രഞ്ച് തീരത്തേക്ക് കപ്പടുപ്പിച്ചു എംബപ്പെ. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിലെ ഗോളടക്കം അർജന്റീനയുടെ വല എംബപ്പെ കുലുക്കിയത് നാല് തവണ.

ഫുട്ബോൾ വിപണിയിൽ ഏറ്റവും വിലപിടിപ്പുള്ള താരം മെസ്സിയാണെന്നാണ് പരക്കെയുള്ള സംസാരം. മൊത്തം ആസ്തിയുടെ കാര്യത്തിൽ ശരിയാണ് താനും. എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളിൽ മെസ്സിയുടേയും മുമ്പിലാണ് ഫ്രാൻസിന്റെ പുതുതാരോദയമായി ആഘോഷിക്കപ്പെടുന്ന എംബപ്പെ. യഥാർത്ഥത്തിൽ പുതുതാരോദയമൊന്നുമല്ല അയാൾ. ലോകകപ്പിനും മുമ്പേ മിന്നും താരമാണ് എംബപ്പെ.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയാണ് മെസ്സിയും എംബപ്പെയും കളിക്കുന്നത്. 2022 ലോകകപ്പ് തുടങ്ങും മുമ്പ് തന്നേ ലോകത്തെ ഏറ്റവും ശമ്പളം വാങ്ങുന്ന ഫുട്ബോൾ താരം എംബപ്പെയാണെന്നതാണ് വാസ്തവം. ഫോബ്സ് മാസിക പുറത്തുവിട്ട അതിസമ്പന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ കഴിഞ്ഞ ദിവസം 24ാം പിറന്നാളാഘോഷിച്ച് ഈ ഫ്രഞ്ച് താരമാണ്.

128 മില്യൺ ഡോളറാണ് ഒരു സീസണിൽ (2022-23) എംബപ്പെക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വരുമാനം. ഇതിൽ 110 മില്യൺ ഡോളർ ഫുട്ബോളിൽ നിന്ന് നേരിട്ടും 18 മില്യൺ ഡോളർ ഗ്രൗണ്ടിന് പുറത്തുനിന്നുമാണ്, അതായത് പരസ്യങ്ങളിൽ നിന്നും മറ്റുമുള്ള വരുമാനം. ഇനി ഈ സീസണിൽ മെസ്സിയുടെ വരുമാനം എത്രയെന്നറിയേണ്ടേ...120 മില്യൺ ഡോളർ. ഇതിൽ 65 മില്യൺ ഡോളർ കളിക്കളത്തിൽ നിന്നും 55 മില്യൺ ഡോളർ ബ്രാൻഡ് പ്രൊമോഷൻ പ്രവർത്തനങ്ങളിൽ നിന്നുമാണ്. 37 കാരനായ, പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിൽ മൂന്നാമത്, വരുമാനം 100 മില്യൺ ഡോളർ. നാലാമതാണ് ബ്രസീലിന്റെ നെയ്മർ, വരുമാനം 87 മില്യൺ ഡോളർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.